മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ ഇന്നലെ അട്ടിമറികളുടെ ദിനം. പുരുഷ വിഭാഗം സിംഗിൾസിൽ നിലവിലെ ജേതാവായ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ പ്രീക്വാർട്ടറിൽ പുറത്ത്. മരിൻ സിലിച്ച്, ആംഗലിക് കെർബർ, മരിയ ഷറപ്പോവ എന്നിവരും ഇന്നലെ പുറത്തായി. അതേസമയം, റാഫേൽ നദാൽ, പെട്ര ക്വിറ്റോവ തുടങ്ങിയവർ ക്വാർട്ടറിലേക്ക് മുന്നേറി.
14-ാം സീഡുകാരനായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ആണ് പ്രീക്വാർട്ടറിൽ ഫെഡററെ അട്ടിമറിച്ചത്. ടൈബ്രേക്കറിലേക്ക് നീണ്ട നാല് സെറ്റ് പോരാട്ടത്തിനൊടുവിൽ 6-7(11-13), 7-6(7-3), 7-5, 7-6(7-5)നായിരുന്നു ഇരുപതുകാരനായ സിറ്റ്സിപാസിന്റെ വിജയം. 20 എയ്സുകളാണ് ഗ്രീക്ക് താരം മത്സരത്തിലുടനീളം പായിച്ചത്.
20 ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തംപേരിലുള്ള ഫെഡറർ ആകട്ടെ 12ഉം. ബാക്ക് ഹാൻഡ് റിട്ടേണുകളിൽ മിക്കതിനും നെറ്റ് തടസം സൃഷ്ടിച്ചതാണ് ഫെഡററിന്റെ പരാജയത്തിനു പ്രധാന കാരണം. 55 അൾഫോഴ്സ്ഡ് എററുകൾവരുത്തിയ ഫെഡറർ 12 ബ്രേക്ക് പോയിന്റും നഷ്ടപ്പെടുത്തി.
വനിതാ വിഭാഗം സിംഗിൾസിൽ രണ്ടാം സീഡായ ജർമനിയുടെ ആംഗലിക് കെർബറും ഇന്നലെ പുറത്തായി. അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത ഡാനിയേല റോസ് കോളിൻസ് ആണ് പ്രീക്വാർട്ടറിൽ കെർബറെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയത്. സ്കോർ: 6-0, 6-2. റഷ്യയുടെ മരിയ ഷറപ്പോവയും പ്രീക്വാർട്ടറിൽ പരാജയപ്പെട്ട് പുറത്തായി. 15-ാം സീഡായ ഓസ്ട്രേലിയയുടെ അഷ്ലിഹ് ബാർതിയാണ് 30-ാം സീഡായ ഷറപ്പോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 4-6, 6-1, 6-4നു പരാജയപ്പെടുത്തിയത്.
പുരുഷ വിഭാഗം സിംഗിൾസിൽ ലോക രണ്ടാം നന്പർ താരമായ സ്പെയിനിന്റെ റാഫേൽ നദാൽ ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിച്ചിനെ കീഴടക്കി ക്വാർട്ടറിലേക്ക് മുന്നേറി. 6-0, 6-1, 7-6(7-4)ന് ആയിരുന്നു നദാലിന്റെ ജയം.വനിതാ സിംഗിൾസിൽ എട്ടാം സീഡായ ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ ക്വാർട്ടറിൽ കടന്നു. അമേരിക്കയുടെ അമാൻഡ അനിസിമോവയെ 6-2, 6-1നു കീഴടക്കിയാണ് ക്വിറ്റോവ അവസാന എട്ടിൽ ഇടംപിടിച്ചത്.
ക്രൊയേഷ്യയുടെ മരിൻ സിലിച്ചും പ്രീക്വാർട്ടറിൽ പുറത്തായി. സ്പെയിനിന്റെ റോബർട്ടോ ബൗറ്റിസ്റ്റ അഗസ്ത് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ആറാം സീഡായ സിലിച്ചിനെ കീഴടക്കി. സ്കോർ: 6-7(6-8), 6-3, 6-2, 4-6, 6-4. ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവും പുറത്തായി. അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത ഫ്രാൻസിസ് തിയാഫോയാണ് ദിമിത്രോവിനെ പ്രീക്വാർട്ടറിൽ കീഴടക്കിയത്. ക്വാർട്ടറിൽ റാഫേൽ നദാലാണ് തിയോഫോയുടെ എതിരാളി.