തിരുവനന്തപുരം: കൊച്ചി മുനന്പത്തുനിന്ന് ന്യൂസിലൻഡിലേക്കു പുറപ്പെട്ട 230 പേരുടെ സംഘം ഇന്തോനേഷ്യൻ തീരത്തേക്ക് അടുക്കുന്നതായി സൂചനകൾ. ഭക്ഷണവും ഇന്ധനവും തീർന്നതിനെ തുടർന്നാണ് ഇന്തോനേഷ്യയിലേക്ക് എത്തുന്നത് എന്നാണ് സൂചന. ഒരാഴ്ച മുന്പു മുനന്പത്തുനിന്നു പുറപ്പെട്ട സംഘം ഇന്ത്യയുടെ സമുദ്രാതിർത്തി കടന്നതായി പോലീസ് അറിയിച്ചു. കൊച്ചിയിൽനിന്ന് കടൽ മാർഗം ന്യുസീലൻഡിലേക്ക് 11,470 കിലോമീറ്റർ ദൂരമുണ്ട്. ഇതിന് 47 ദിവസത്തെ യാത്ര ആവശ്യമാണ്.
സംഭവത്തിൽ വിദേശ അന്വേഷണ ഏജൻസികളുടെ സഹകരണം തേടാനൊരുങ്ങുകയാണ് പോലീസ്. ഇതിനുള്ള നടപടികൾ സംസ്ഥാന പോലീസ് ആസ്ഥാനത്തു തുടങ്ങി. ഇതിനു മുന്നോടിയായി വിവരങ്ങൾ കേന്ദ്രത്തെ ധരിപ്പിക്കുകയും നയതന്ത്ര ഇടപടലുകൾക്കുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. കേസന്വേഷണ റിപ്പോർട്ടുകൾ കേന്ദ്ര ഏജൻസിക്കു കൈമാറിയിട്ടുമുണ്ട്.
ഇരുന്നൂറോളം പേർ വിദേശത്തേക്കു കടന്നുവെന്ന സംശയം രാജ്യാന്തര സ്വഭാവമുള്ളതായതിനാലാണ് വിദേശ അന്വേഷണ ഏജൻസികളുടെ സഹകരണത്തിനു ശ്രമിക്കുന്നത്. ഒപ്പം നയതന്ത്ര ഇടപെടലുകൾക്കും ശ്രമം ആരംഭിച്ചുകഴിഞ്ഞു. മുന്പും കേരളത്തിൽ മനുഷ്യക്കടത്തിനുള്ള ശ്രമങ്ങളുണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അക്കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൊല്ലം കേന്ദ്രീകരിച്ചുള്ള ഈ ശ്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുകയാണ്.
മുനന്പം മനുഷ്യക്കടത്തിന്റെ സൂത്രധാരൻ ശ്രീകാന്തന്റെ വെങ്ങാനൂർ ചാവടിനടയിലെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ തമിഴിൽ എഴുതിയ ചില രേഖകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതു പരിശോധിച്ചു വരികയാണ്. വീട്ടിൽ കണ്ടെത്തിയ നാണയക്കിഴികൾ സംബന്ധിച്ചും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ശ്രീകാന്തന്റെ വീട്ടിൽ നടന്ന പരിശോധനയിൽ സ്വിസ് ബാങ്ക് നിക്ഷേപരേഖകൾ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കൂടുതൽ പരിശോധനകൾ നടന്നുവെങ്കിലും മറ്റു രേഖകളൊന്നും ലഭിച്ചില്ല. ആറു പാസ്പോർട്ടുകൾ, ബാങ്ക് പാസ് ബുക്കുകൾ, ചെക്കുകൾ, ആധാരങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു.
മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ ഇയാളുടെ കൂട്ടാളി അനിൽകുമാറിനെ വെങ്ങാനൂരിൽ എത്തിച്ച് തെളിവെടുക്കുന്നതു സുരക്ഷാപ്രശ്നം കണക്കിലെടുത്തു മാറ്റിവച്ചിരിക്കുകയാണ്. സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയശേഷം തെളിവെടുപ്പ് നടത്തും.