കോട്ടയം: അരീപ്പറന്പിൽ പതിനഞ്ചുകാരിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തിൽ പ്രതി പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയത് മരിച്ച ശേഷമെന്ന് മൊഴി. കേസിൽ അറസ്റ്റിലായ മാലം കുഴിനാകത്തരത്തിൽ അജേഷ് (40) നല്കിയ മൊഴിയിൽ പെണ്‍കുട്ടി മരിച്ച ശേഷം പീഡിപ്പിച്ചു എന്നാണ് പറയുന്നത്. എന്നാൽ മരിച്ച ശേഷമാണോ അതിനു മുൻപാണ് പീഡനം നടന്നതെന്ന കാര്യം ഇപ്പോൾ തെളിയിക്കാനായിട്ടില്ല.
പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭിച്ചാലേ ഇക്കാരത്തിൽ വ്യക്തത വരികയുള്ളു. പീഡന ശ്രമം പെണ്‍കുട്ടി തടഞ്ഞതോടെയാണ് കഴുത്തിൽ ഷാൾ് മുറുക്കിയത്. ഇതോടെ പെണ്‍കുട്ടി ബോധമറ്റു വീണു. ഇതിനു ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പ്രതി പറയുന്നത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ മാനഭംഗം നടന്നതായി വ്യക്തമായിട്ടുണ്ട്. എന്നാൽ എപ്പോൾ നടത്തിയെന്ന കാര്യത്തിൽ വ്യക്തത വരാനാണ് ആന്തരിക അവയവങ്ങളുടെ രാസ പരിശോധന നടത്തുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് പെണ്‍കുട്ടി പ്രതിയുടെ താമസ സ്ഥലത്തേക്ക് പോയത്. പ്രതി അജേഷ് പലതവണ ഫോണിൽ വിളിച്ച ശേഷമാണ് പെണ്‍കുട്ടി പോയത്. വീട്ടിൽ നിന്ന് ബസിൽ കയറി പ്രതിയുടെ താമസ സ്ഥലത്ത് എത്തുന്പോൾ ഉച്ചയ്ക്ക് ഒരു മണിയായി. കൊല്ലപ്പെട്ടത് മൂന്നു മണിയോടെയാണ്. ഡ്രൈവറായ പ്രതി മൃതദേഹം ഒളിപ്പിച്ച ശേഷം ജോലിക്കു പോയി. തിരികെ രാത്രിയിൽ എത്തിയാണ് മൃതദേഹം മറവു ചെയ്തത്. സമീപത്തെ മണ്ണെടുത്ത താഴ്ചയിലേക്ക് മൃതദേഹം തള്ളിയിട്ട ശേഷം മണ്ണിട്ട് മൂടുകയായിരുന്നു. പിറ്റേന്നും പ്രതി ഒരു കൂസലുമില്ലാതെ ജോലിക്കു പോയി.
വ്യാഴാഴ്ച രാത്രിയോടെയാണ് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ജോലി കഴിഞ്ഞെത്തിയത്. രാത്രിയിൽ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.പിറ്റേന്നു രാവിലെ അയർക്കുന്നം പോലീസിൽ പരാതി നല്കി. പോലീസ് അപ്പോൾ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്നു തന്നെ പ്രതിയടക്കം നാലു പേരെ സംശയിച്ച് പിടികൂടി. പിറ്റേന്നാണ് പ്രതി കുറ്റം സമ്മതിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പ്രതിയുടെ കുറ്റസമ്മതവും തുടർന്ന് മൃതദേഹം കുഴിയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തത്. റിമാൻഡിലായ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.