സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്ത് എവിടെ കവർച്ച നടന്നാലും മൂന്നു സെക്കൻഡു കൊണ്ട് ആ വിവരം വീഡിയോ ദൃശ്യമടക്കം തിരുവനനന്തപുരത്തെ പോലീസ് കണ്ട്രോൾ റൂമിൽ ലഭിക്കും.
സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, എടിഎമ്മുകൾ, ട്രഷറി, സഹകരണ ബാങ്കുകൾ, മറ്റ് ബിസിനസ് സ്ഥാപനങ്ങൾ, താമസസ്ഥലങ്ങൾ എന്നിവയ്ക്ക് 24 മണിക്കൂറും സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം എന്ന സംവിധാനമാണ് ഏതു മോഷണവും തലസ്ഥാനത്തെ പോലീസ് ആസ്ഥാനത്ത് മൂന്നേ മൂന്നു സെക്കൻഡുകൊണ്ട് അറിയിക്കുന്നത്.
കെൽട്രോണിന്റഎ സഹകരണത്തോടെയാണ് കേരള പോലീസ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ലോകോത്തര സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഇതിനായി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് കേന്ദ്രീകൃത കണ്ട്രോൾ റൂം സ്ഥാപിച്ചു. ഇവിടെ നിന്ന് കേരളത്തിലെ എല്ലാ പോലീസ് ജില്ലകളിലേയും കണ്ട്രോൾ റൂമുകളുമായും പോലീസ് സ്റ്റേഷനുകളുമായും ബന്ധപ്പെടാൻ സൗകര്യമുണ്ട്.
ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ മോഷണമോ മോഷണശ്രമമോ ഉണ്ടായാൽ മൂന്നു സെക്കൻഡിനുള്ളിൽ അതിന്റെ വീഡിയോ ദൃശ്യം തിരുവനന്തപുരത്തെ കണ്ട്രോൾറൂമിൽ ലഭിക്കും. സ്ഥാപനത്തിന്റെ ലൊക്കേഷൻ വിവരങ്ങളും ഇതോടൊപ്പം ലഭിക്കും.
തുടർന്ന് കണ്ട്രോൾ റൂമിലെ പരിശോധനക്കു ശേഷം ബന്ധപ്പെട്ട പോലീസ് സ്റ്റഷേനിലേക്കും രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നന്പറിലേക്കും വിവരം അറിയിക്കും. ഇതനുസരിച്ച് പോലീസ് സംഭവസ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.