കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും മൂന്നൂ രൂപയിലധികം വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ 10 മുതലാണ് ഇന്ധനവിലയിൽ വർധനവ് തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ വർധനവുണ്ടാകാൻ തുടങ്ങിയപ്പോഴാണ് രാജ്യത്തും ഇന്ധനവിലയിൽ വർധനവുണ്ടായത്.
ഒപെക് (ഓർഗനൈസേഷൻ ഓഫ് പെട്രോളിയും എക്സ്പോർട്ടിംഗ് കണ്ട്രീസ്) രാജ്യങ്ങൾ എണ്ണ ഉത്പാദനം കുറച്ചതാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില വർധിക്കാൻ കാരണം. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 19 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചിരിക്കുന്നത്.
കൊച്ചിയിൽ ഇന്ന് പെട്രോൾ ലിറ്ററിന് 73.08 രൂപയും ഡീസലിന് 69.41 രൂപയുമാണ്. ഇന്നലെ ഇത് 72.89 രൂപയും 69.14 രൂപയുമായിരുന്നു. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 74.33 രൂപയും ഡീസലിന് 70.57 രൂപയുമാണ്. ഇന്നലെ ഇത് യഥാക്രമം 74.14 രൂപയും 70.30 രൂപയുമായിരുന്നു. കോഴിക്കോട് പെട്രോളിന് 73.20 രൂപയും 69.55 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഇത് 73.01 രൂപയും 68.28 രൂപയുമായിരുന്നു.