വൈപ്പിൻ: മുനന്പം മത്സ്യബന്ധന മേഖലയിലെ പള്ളിപ്പുറം, മുനന്പം, മാല്യങ്കര മേഖലകളിലെ കായലോരങ്ങളിൽ കൂണുകൾ പോലെ മുളച്ചു പൊങ്ങിക്കൊണ്ടിരിക്കുന്ന അനധികൃത ബോട്ട് നിർമാണ യാർഡുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുനന്പം മനുഷ്യക്കടത്ത് സംഘങ്ങളുടെയും കള്ളക്കടത്ത്കാരുടെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കന്ന സാഹചര്യത്തിലാണിത്.
ഈ മേഖലയിലെ യാർഡുകളിൽ ഭൂരിഭാഗവും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവയാണ്. രഹസ്യ അറകളും ആധുനിക സംവിധാനങ്ങളുമുള്ള 20 മീറ്റർ നീളമുള്ള ബോട്ടുകളാണ് ഇപ്പോൾ ഭൂരിഭാഗം യാർഡുകളിലും നിർമിക്കുന്നത്. സാധാരണ ടൂറിസ്റ്റ് ബോട്ടുകളോ യാത്രാ ബോട്ടുകളോ നിർമിക്കുന്ന യാർഡുകളിൽ ഇവയുടെ പ്ലാനും നിർമാണ രീതിയും മുൻകൂട്ടി ഹാജരാക്കി ബന്ധപ്പെട്ട സർക്കാർ ഏജൻസിയിൽനിന്നു മുൻകൂർ അനുമതി വാങ്ങണമെന്നിരിക്കെ മത്സ്യബന്ധന ബോട്ടുകൾക്ക് മാത്രം ഈ നിയമം ബാധകമല്ലാത്തതാണ് അനധികൃത യാർഡുകൾ വളമാകുന്നതെന്ന് പരന്പരാഗത മത്സ്യമേഖലയിലുള്ള യാർഡ് ഉടമകൾ പറയുന്നത്.
ഈ സൗകര്യം മുതലെടുത്താണ് മനുഷ്യക്കടത്തുകാരും മറ്റു കള്ളക്കടത്തുകാരും ഇവിടെയെത്തി ബോട്ടുകൾ നിർമിക്കുന്നത്. ഇങ്ങിനെയാണ് 2008ൽ തമിഴ് പുലികൾക്കുവേണ്ടി ബോട്ട് നിർമിക്കാനുള്ള കരാർ മുനന്പത്തെത്തുന്നത്. ബോട്ടുണ്ടാക്കാൻ പലപ്പോഴും ഇടനിലക്കാരാണ് യാർഡുടമകളെ സമീപിക്കാറ്. ഇവരാകട്ടെ പലരും കോഴിക്കോട് സ്വദേശികളാണുതാനും. മുനന്പത്തുണ്ടാക്കുന്ന ബോട്ടുകൾ മുഴുവൻ മംഗലാപുരം മേഖലയിലേക്കാണ് പോകുന്നത്.
പക്ഷെ ഈ ബോട്ടുകളൊന്നും പിന്നീട് ആരും കടലിൽ മത്സ്യബന്ധനം നടത്തുന്നത് കണ്ടിട്ടില്ലായെന്നതാണ് ദുരൂഹതക്കിടവരുത്തിയിട്ടുള്ളത്. കായലോരത്തുള്ള പറന്പുടമകളെ കണ്ട് ഇവർക്ക് ഒരു ബോട്ടിനു 50000 രൂപ നിരക്കിൽ സ്ഥലവാടക നൽകിയാണ് പല മേസ്തിരിമാരും പുതിയ ബോട്ടുകൾ വയ്ക്കുന്നത്.
വൈദ്യുതി ബോർഡ് അധികൃതർക്ക് കിന്പളം നൽകി പരിസരത്തുള്ള വീടുകളിൽനിന്നു വൈദ്യുതിയും അനധികൃതമായി വലിക്കും. ഇതിനു പണം വേറെയും നൽകും. ഇങ്ങിനെ പ്രതിവർഷം 60 ൽ പരം പുതിയ ബോട്ടുകളാണ് ഈ മേഖലയിൽ നിർമിക്കുന്നത്. ഇവയെല്ലാം ആർക്കുവേണ്ടി നിർമിക്കുന്നുവെന്നത് മേസ്തിരിമാരും യാർഡ് ഉടമകളും അന്വേഷിക്കാറില്ല.