കൊല്ലങ്കോട്: മുതലമട റയിൽവേ സ്റ്റേഷൻ തുരങ്കപ്പാത തകർന്ന് ഗർത്തങ്ങളുണ്ടായിരിക്കുന്നതോടെ ഇതുവഴി വാഹനയാത്ര അതീവ ദുഷ്കരമായിരിക്കുകയാണ്. റെയിൽവേയുടെ അധികാര പരിധിയിലുള്ള നൂറുമീറ്റർ റോഡാണ് ടാറിളകി മെറ്റലുകൾ പുറന്തള്ളി നശിച്ചിരിക്കുന്നത്. ഇതുവഴി എട്ട് സ്വകാര്യബസുകളും ഇരുപതിൽകൂടുതൽ സ്കൂൾ വാഹനങ്ങളും പതിവായി സഞ്ചരിക്കുന്നുണ്ട്.
കാന്പ്രത്ത് ചള്ളയിൽ നിന്നും മീനാക്ഷിപുരം ഭാഗത്തേക്ക് ഇതുവഴി ദൂരക്കുറവുള്ളതിനാൽ കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നത് ഇതുവഴിയാണ്. ഗർത്തങ്ങളിലിറങ്ങി കയറുന്ന ചരക്കുലോറികളുടെ യന്ത്രഭാഗങ്ങൾ തകരാറായി വാഹനം വഴിയിൽ കുടുങ്ങുന്നത് പതിവുകാഴ്ചയാണ്.
റോഡിലെ ഗർത്തങ്ങൾ ശരിയാക്കണമെന്ന യാത്രക്കാരുടെ ആവശ്യം ബന്ധപ്പെട്ട റയിൽവേ അധികൃതർ അവഗണിക്കുന്നതിനെതിൽ പ്രതിഷേധവും ശക്തമാണ്. മുതലമട ഗവ. ആശുപത്രിയിൽ നിന്നും ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് അടിയന്തിര ചികിത്സാർഥംപോകുന്ന ആംബുലൻസുകളും ഗർത്തത്തിൽപ്പെടുന്നതിനാൽ എട്ടുകിലോമീറ്റർ ദൂരമുള്ള കൊല്ലങ്കോട് പുതുനഗരം പാതയാണ് ആശ്രയിക്കുന്നത്.