ചാത്തന്നൂർ: ഭക്ഷ്യസുരക്ഷയിൽകേരളം മുന്നേറാൻ വിദ്യാർത്ഥികൾ പാടത്തേക്കിറങ്ങണമെന്ന് ചാത്തന്നൂർ എസിപി ജവഹർജനാർദ് പറഞ്ഞു.പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡൻസ്പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കടമ്പാട്ടുകോണം പേരൂർകാവ് ഏലായിൽ സംഘടിപ്പിച്ച കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ അമൃത സ്കൂളിലെ കേഡറ്റുകൾ കേരളത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏലായിലെ കാട് മൂടിയ പാടം ഏറ്റെടുത്ത് നാല്മാസം മുമ്പാണ് വിദ്യാർത്ഥികൾ വിത്തെറിഞ്ഞത്. വിദ്യാർത്ഥികളുടെ പ്രയത്നം കണ്ട് നാട്ടുകാരും പ്രവർത്തനങ്ങളിൽ പങ്കാളികളായതോടെ വിളവെടുപ്പ് അക്ഷരാർത്ഥത്തിൽ നാടിന്റെ ഉത്സവമായി മാറുകയായിരുന്നു.
കവി ബാബുപാക്കനാർ ചൊല്ലികൊടുത്ത കൊയത്ത് പാട്ട് ഏറ്റുപാടി വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് കതിർമണികൾ കൊയ്തെടുത്തു.ചടങ്ങിൽ പാരിപ്പള്ളി എസ്ഐ രാജേഷ്,പിറ്റിഎ പ്രസിഡന്റ് രാധാകൃഷ്ണൻ,സിപിഒമാരായ സുഭാഷ്ബാബു,ബിന്ദു,ഡിഐ മാരായ രാജേഷ്,ബിന്ദു.കെ,അദ്ധ്യാപകർ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.