അന്തരിച്ച നടി ശ്രീദേവിയുടെ ജീവിത കഥയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് ബോണി കപൂർ രംഗത്തെത്തിയതോടെയാണ് ശ്രീദേവി ബംഗ്ലാവ് വിവാദ കോളങ്ങളിൽ ഇടം നേടിയത്. മലയാളി താരം പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായ ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ചിത്രത്തിന്റെ ട്രെയിലർ വന്നതിന്റെ തൊട്ട് പിന്നാലെയായിരുന്നു വിവാദങ്ങൾ തല പൊക്കിയത്.
ട്രെയിലറിൽ ഉൾപ്പെടുത്തിയ ചില രംഗങ്ങൾ ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് കാണിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ നിയമ നടപടിയുമായി ബോണി കപൂർ രംഗത്തെത്തുകയായിരുന്നു. ചിത്രം ഒരിക്കലും പുറത്തിറക്കാൻ സമ്മതിക്കില്ലെന്ന് ബോണി കപൂർ പറഞ്ഞതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് അറിയിച്ചു.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ബോണി കപൂർ നേരത്തെ തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. സംവിധായകൻ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.