പയ്യന്നൂര്‍: നേവല്‍ അക്കാഡമിയുടെ പുറത്ത് അവശേഷിക്കുന്ന ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്ന് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ്.അശാസ്ത്രീയമായ ഏഴിമല നാവിക അക്കാഡമിയുടെ മാലിന്യ പ്ലാന്റ് ജനങ്ങളുടെ കുടിവെള്ളം മലിനമാക്കിയെന്ന ആരോപണത്തിന് പിന്നാലെ പുഴവെള്ളത്തിലും മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന് നല്കിയ പരാതിയിലാണ് ഇക്കാര്യമുന്നയിച്ചിരിക്കുന്നത്.
മത്സ്യത്തൊഴിലാളികൾക്കും കക്കവാരല്‍ തൊഴിലാളികൾക്കും പുഴവെള്ളം ചര്മ്മരോഗങ്ങളുണ്ടാക്കുന്നതായും ചൊറിച്ചിലുണ്ടാക്കുന്നതായും മത്സ്യസമ്പത്തിനാല്‍ സമൃദ്ധമായിരുന്ന പുഴയില്‍ ഇപ്പോള്‍ മത്സ്യങ്ങള്‍ നില്‍ക്കുന്നില്ലായെന്നും പരാതികളുയര്‍ത്തിയിരുന്നു.ഇതിനെ തുടര്‍ന്ന് പുഴവെള്ളം പരിശോധന നടത്തിയപ്പോഴാണ് പുഴവെള്ളത്തില്‍ ഭീകരമായവിധത്തില് ലവണങ്ങളും മാലിന്യങ്ങളും കണ്ടെത്തിയത്.
കേരള വാട്ടര്‍ അതോറിറ്റിയുടെ കണ്ണൂര്‍ ക്വാളിറ്റി കണ്ട്രോള് ലാബോറട്ടറിയില്‍ നടത്തിയ ജലപരിശോധനാഫലത്തിലാണ് പുഴവെള്ളത്തില്‍ മാലിന്യം കലര്‍ന്നതായുള്ള വിവരം പുറത്ത് വന്നത്.ഒരുലിറ്റര്‍ വെള്ളത്തില്‍ 1000 മില്ലിഗ്രാം വരെ ക്ലോറൈഡാണ് അനുവദനീയമെങ്കിലും പരിശോധനയില്‍ കണ്ടെത്തിയത് 14,042 മില്ലിഗ്രാമാണ്.100 മില്ലിഗ്രാം വരെ മഗ്നീഷ്യമാണ് പരമാവധി അടങ്ങിയരിക്കാമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതെങ്കിലും ഇവിടെ കണ്ടെത്തിയത് 1360 മില്ലി ഗ്രാമാണ്.
ഇതുപോലെയാണ് ക്ലോറൈഡ് ഫ്ളൂറൈഡ് തുടങ്ങിയ രാസവസ്തുക്കളുടേയും മാലിന്യങ്ങളുടേയും വര്‍ദ്ധന.12 വര്‍ഷം മുമ്പ് മാലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിപോലുമില്ലാതെ ജനവാസ കേന്ദ്രത്തിന് സമീപം സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ലാന്റാണ് പിന്നീട് ജനങ്ങള്‍ക്ക് ദുരിതമായത്. 2014 ജൂണ്‍ മാസം മുതലാണ് ഇതിന്റെ പരിണതഫലം ജനങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങിയത്. മഴവെള്ളത്തില്‍ മാലിന്യ പ്ലാന്റ് കവിഞ്ഞൊഴുകി കക്കൂസ് മാലിന്യങ്ങളുള്‍പ്പെടെ ജനവാസ കേന്ദ്രങ്ങളിലെത്തിയതായിരുന്നു ആദ്യ സംഭവം.
പിന്നീട് 2017 ജനുവരി രണ്ടാം വാരം മുതലാണ് ദുര്‍ഗന്ധവും മലിനജലവും ജനവാസ കേന്ദ്രങ്ങളിലെത്താന്‍ തുടങ്ങിയത്. കിണര്‍വെള്ളത്തില്‍ ക്രമാതീതമായ തോതില്‍ കക്കൂസ് മാലിന്യങ്ങളുടെ സാന്നിധ്യത്തില്‍ കണ്ടുവരുന്ന കോളിഫോംസ് ബാക്റ്റീരിയ അടങ്ങിയിട്ടുണ്ടെന്നായിരുന്നു അന്നത്തെ പരിശോധനാ റിപ്പോര്‍ട്ട്.അന്ന് തുടങ്ങിയ പരാതികള്‍ക്കും പരിദേവനങ്ങള്‍ക്കും പരിഹാരമില്ലാതെ വന്നപ്പോഴാണ് ജീവിക്കാനുള്ള അവകാശത്തിനായി ജനങ്ങള്‍ സമര രംഗത്തിറങ്ങിയത്.
മൂന്ന് മാസത്തോളം നീണ്ട നിരവധി സമരങ്ങളാണ് ജനങ്ങള്‍ നടത്തിയത്.പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ മുഖ്യമന്ത്രി പയ്യന്നൂരിലെത്തി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച ദത്തല്‍ കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടില്‍ മാലിന്യ പ്ലാന്റില്‍ വികേന്ദ്രീകരണം നടത്തണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശയുടെ ചുവടുപിടിച്ചുള്ള വികേന്ദ്രീകരണ നടപടികള്‍ക്ക് ടെണ്ടറായെങ്കിലും ചില ഉന്നത ഉദ്യോഗസ്ഥർ തുടര്‍ നടപടികള്‍ മരവിച്ചു.
അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റുകള്‍ മൂന്നുമാസത്തിനകം അടച്ചു പൂട്ടിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ഇതിനിടെയുണ്ടായെങ്കിലും ഈ വിധിയും ഇവിടെ നടപ്പാക്കിയില്ല. നേവിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഒത്തുകളിക്കുകയാണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തില്‍ 2017 അവസാനത്തോടെ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന നേവിയുടെ എസ്ടിപി ടാങ്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതിയും നല്കി.
ടാങ്കില്‍ നിന്നും പുറത്ത് വരുന്ന ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ നേവല്‍ അധികൃതര്‍ വര്‍ദ്ധിച്ച തോതില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി ആരോപണങ്ങളുയര്‍ന്നിരുന്നു. ഇവയടങ്ങിയ മാലിന്യങ്ങള്‍ വാട്ടർ ടാങ്കില്‍നിന്നും പൂച്ചാല്‍ പ്രദേശത്തെ തോടിലേക്കും അവിടെനിന്ന് പുഴയിലേക്കും എത്തുന്നതാണ് പുഴവെള്ളവും മലിനമാകാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കവ്വായിക്കായലിന്റെ ഭാഗമായ ഏറന്‍പുഴയിലാണ് മലിനജലമെത്തുന്നത് എന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെക്കുക.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കല്ലുമ്മക്കായ ഉദ്പാദിപ്പിക്കുന്ന വലിയപറമ്പ് ഇടയിലെക്കാട് എന്നിവിടങ്ങളിലെ അയ്യായിരത്തോളം സ്വയംതൊഴില്‍ സംരംഭകരേയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളേയും പുഴവെള്ളത്തിലെ മാലിന്യം ദോഷകരമായി ബാധിക്കും.
നേവിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിച്ച് ബാക്കിയുള്ള രണ്ടായിരം ഏക്കറോളം സ്ഥലത്ത് പെറ്റുപെരുകിയ കുരങ്ങുകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നതിനാല്‍ രാമന്തളിയിലെ ജനങ്ങള്‍ കാര്‍ഷിക മേഖലയോട് വിടപറഞ്ഞിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.
രാമന്തളി പഞ്ചായത്തില്‍ നേവല്‍ അക്കാദമി സ്ഥാപിതമായ ശേഷം അവശേഷിക്കുന്ന ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അക്കാഡമിയിലെ മാലിന്യ സംസ്കരണം ഫലപ്രദമല്ലാത്തതാണ് പുഴവെള്ളത്തില്വരെ മാലിന്യം കലരാന്‍ ഇടയാക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രിക്കും മന്ത്രി ഇ.പി.ജയരാജനും ഇക്കാര്യങ്ങളുന്നയിച്ച് ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.