ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക ചെലവഴിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയതിന്റെ വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ മറ്റൊരു ആകാശയാത്ര കൂടി വിവാദത്തില്‍! പ്രളയത്തിനുശേഷം നടത്തിയ യാത്രയ്ക്ക് ചെലവഴിച്ചത് 7.60 ലക്ഷം രൂപ

പ്രളയദുരിതാശ്വാസനിധിയും അതിന്റെ വിതരണവും ചെലവാക്കലുമായെല്ലാമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും പഴികളും സര്‍ക്കാരും മുഖ്യമന്ത്രിയുമെല്ലാം കേള്‍ക്കേണ്ടി വന്നിരുന്നു. അതിന് മുമ്പാകട്ടെ, തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്ത് വലിയ നഷ്ടമുണ്ടാക്കിയതും വിവാദമായിരുന്നു.

ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ആകാശയാത്ര സംബന്ധിച്ച് മറ്റൊരു വിവാദം കൂടി തലപൊക്കിയിരിക്കുന്നു. പ്രത്യേക വിമാനത്തില്‍ മധുരയിലേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

പ്രളയത്തിനുശേഷം അവശ്യകാര്യങ്ങള്‍ക്ക് പോലും പണമില്ലാതെ സംസ്ഥാനം വലയുന്ന സാഹചര്യം നിലനില്‍ക്കെ, 7.60 ലക്ഷം രൂപ ചെലവാക്കിയാണ് മുഖ്യമന്ത്രി ആഡംബര ആകാശയാത്ര നടത്തിയതെന്നാണ് വിമര്‍ശനം. കഴിഞ്ഞ നവംബര്‍ ആറിന് മധുരയില്‍ നടന്ന ദളിത് ശോഷണ്‍മുക്തി മഞ്ചിന്റെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുള്ള യാത്രയിലാണ് ഇത്രയും തുക ചിലവായത്.

പ്രളയത്തിന് രണ്ട് മാസത്തിനുള്ളിയാണ് യാത്ര എന്നതാണ് വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനുള്ള കാരണം. അന്ന് തന്നെ മുഖ്യമന്ത്രി തിരികെ കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. നേരത്തെ നടത്തിയ ഹെലികോപ്ടര്‍ യാത്രയില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള എട്ടു ലക്ഷം രൂപ ചെലവഴിച്ചതും വിവാദമായിരുന്നു.

Related posts