ഓസ്ട്രേലിയൻ പര്യടനത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം വേറെ ലെവലായെന്ന് വിശേഷണം. ക്രിക്കറ്റ് ലോകം വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തുന്നു. ഏകദിന ലോകകപ്പ് അടുത്തുവന്നുകൊണ്ടിരിക്കേ കോഹ്ലിയെയും സംഘത്തെയും പിടിച്ചുകെട്ടാനുള്ള തന്ത്രങ്ങളുടെ പണിപ്പുരയിലാണ് ഏവരും.
1980കളിൽ ലോക ക്രിക്കറ്റിലെ അതികായരും എതിരാളികൾ പേടിയോടെ മാത്രം സമീപിക്കുകയും ചെയ്തിരുന്ന വെസ്റ്റ് ഇൻഡീസ് ടീമിനോടാണ് കോഹ്ലി യുടെ സംഘത്തെ ഉപമിക്കുന്നത്. ഓസ്ട്രേലിയൻ മുൻ ബാറ്റ്സ്മാനായ ഡീൻ ജോണ്‍സ് ആണ് ഇന്ത്യൻ ടീമിനെ 80കളിലെ വെസ്റ്റ് ഇൻഡീസ് സംഘത്തോട് ഉപമിച്ചത്.
ചരിത്രം കുറിച്ച ഓസ്ട്രേലിയൻ പര്യടനത്തിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീം അപ്രമാദിത്വം പുലർത്തി. പെർത്ത് ടെസ്റ്റ് ഒഴിച്ച് ഇന്ത്യയുടെ സർവാധിപത്യമായിരുന്നു ഓസ്ട്രേലിയയിൽ കണ്ടതെന്നും ലോകടീമുകൾ ഭയപ്പാടോടെയേ ഈ സംഘത്തെ കാണുകയുള്ളൂ എന്നും ഡീൻ ജോണ്‍സ് വ്യക്തമാക്കി.
ബാറ്റിംഗിലും ബൗളിംഗിലും എതിരാളികൾക്ക് പേടിസ്വപ്നമാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീം. വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, എം.എസ്. ധോണി, ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, മായങ്ക് അഗർവാൾ, ഹനുമ വിഹാരി, പൃഥ്വി ഷാ എന്നിങ്ങനെ നീളുന്നതാണ് ഇന്ത്യയുടെ ഏകദിന-ടെസ്റ്റ് ബാറ്റിംഗ് നിര. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവർ അണിനിരക്കുന്ന പേസ് ആക്രമണം ലോകത്തിൽ നിലവിലുള്ളതിൽ ഏറ്റവും മികച്ചതാണ്.
യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ആർ. അശ്വിൻ തുടങ്ങിയവർ അണിനിരക്കുന്ന സ്പിൻ ഡിപ്പാർട്ട്മെന്റും രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവരുടെ ഓൾ റൗണ്ട് സംഘവുമെല്ലാം ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നു.