പെരിന്തൽമണ്ണ: ശബരിമലദർശനം നടത്തിയ കനകദുർഗയെ അങ്ങാടിപ്പുറത്തെ വീട്ടിൽ കയറ്റിയില്ല. തുടർന്ന് അതിക്രമത്തിനിരയാവുന്ന വനിതകൾക്ക് താത്കാലിക സംരക്ഷണവും നിയമസഹായവും നൽകുന്ന പെരിന്തൽമണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് രാത്രി പത്തരയോടെ മാറ്റി.
വനിതാ എസ്ഐയുടെ നേതൃത്വത്തിൽ സുരക്ഷയും ഏർപ്പെടുത്തി. തിങ്കളാഴ്ച രാത്രിയെത്തിയ കനകദുർഗയെ വീട്ടിൽ കയറ്റുന്നത് ഭർത്താവ് കൃഷ്ണനുണ്ണി എതിർക്കുകയായിരുന്നു. രാത്രി ഏഴോടെ ഇവരെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെത്തിച്ചു. സിഐ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ കൃഷ്ണനുണ്ണിയും കനകദുർഗയുമായി ചർച്ചനടത്തിയെങ്കിലും തീരുമാനമുണ്ടായില്ല.
ശബരിമലദർശനത്തിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ച അങ്ങാടിപ്പുറത്തെ വീട്ടിലെത്തിയ കനകദുർഗയെ മർദനത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.