നിയാസ് മുസ്തഫ
ബോളിവുഡിലെ സൂപ്പർനായിക കങ്കണ റണൗത്ത് നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മണികർണിക: ദി ക്യൂൻ ഒാഫ് ഝാൻസിക്കെതിരേ കർണി സേന ഉയർത്തുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ മടിച്ച് ബിജെപിയും സംഘപരിവാർ സംഘടനകളും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സിനിമാ ലോകവുമായി ബന്ധപ്പെട്ട ഒരു വിവാദത്തിനും ചെവി കൊടുക്കേണ്ടായെന്ന നിലപാടാണ് അവർക്ക്. മണികർണിക വിവാദം ഏറ്റെടുത്താൽ ഹിന്ദുത്വ രാഷ്ട്രീയത്തിലൂന്നിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, കർണിസേനയുടെ ഭീഷണിക്ക് പുല്ലുവില പോലും കൽപ്പിക്കാതെയാണ് കങ്കണയുടെ പോക്ക്. തന്നെ ഒരു ചുക്കും ചെയ്യാൻ നിങ്ങൾക്ക് കഴിയില്ലായെന്ന വ്യക്തമായ സന്ദേശം കങ്കണ കർണി സേനയ്ക്ക് നൽകിക്കഴിഞ്ഞു. മണികർണിക: ദി ക്യൂൻ ഒാഫ് ഝാൻസി നായികാ പ്രാധാന്യമുള്ള ചിത്രമാണ്. ഝാൻസിയിലെ റാണി ലക്ഷ്മി ബായിയുടെ കഥ പറയുന്ന ചിത്രത്തിൽ കങ്കണ തകർത്ത് അഭിനയിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
തങ്ങളെ കാണിക്കാതെ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും തിയറ്ററുകൾ തകർക്കുമെന്നും കർണിസേന ദേശീയ തലവൻ സുഖ്ദേവ് സിംഗ് പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം.രജപുത്രരുടെ അഭിമാനമായ റാണി ലക്ഷ്മി ബായിയെ അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നാണ് കർണി സേനയുടെ വാദം. ബ്രിട്ടീഷുകാർക്കെതിരേ പോരാടിയ റാണിക്ക് ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായി അടുപ്പമുണ്ടായിരുന്നതായി സിനിമയിൽ ചിത്രീകരിക്കുന്നു.
റാണി ലക്ഷ്മി ബായിയുടെ വേഷമിട്ട കങ്കണ പാട്ടിനൊത്ത് നൃത്തം ചെയ്യുന്നു. ഇക്കിളിപ്പെടുത്തുന്ന ശരീര ചലനങ്ങളോടെ നീങ്ങുന്നു. ഇതെല്ലാം ഭാരതീയ സംസ്കാരത്തെ കളങ്കപ്പെടുത്തുന്നതാണ്-കർണി സേന ചൂണ്ടിക്കാട്ടിയിരുന്നു.ചിത്രത്തിൽ വിവാദ ഭാഗങ്ങൾ ഇല്ലെന്ന് റിലീസിന് മുന്പായി ചിത്രം കണ്ട് ഞങ്ങൾക്ക് ബോധ്യമാകണമെന്നും അല്ലാത്ത പക്ഷം സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവതി’ന്റെ അവസ്ഥയാകും മണികർണികയ്ക്കു നേരിടേണ്ടി വരികയെന്നും കർണി സേന ഭീഷണി മുഴക്കി. എന്നാൽ ഈ ഭീഷണിയോട് ചിത്രത്തിന്റെ സംവിധായകരിൽ ഒരാൾ കൂടിയായ കങ്കണ കടുത്ത സ്വരത്തിലാണ് മറുപടി പറഞ്ഞത്.
നാല് ചരിത്രകാരന്മാർ കണ്ടു വിലയിരുത്തിയ ശേഷമാണ് മണികർണികയ്ക്ക് സെൻസർ ബോർഡ് യു സർട്ടിഫിക്കറ്റ് നൽകിയത്. കർണിസേനയെ ഈ വിഷയം അറിയിച്ചതുമാണ്. എന്നാൽ അവർ തുടർച്ചയായി ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു. ഇത് അവസാനിപ്പിക്കാൻ ഭാവമില്ലെങ്കിൽ അവരുടെ അറിവിലേക്കായി ഒന്നേ പറയാനുള്ളൂ, ഞാനും ഒരു രജ്പുതാണ്, ഞാൻ ആരെന്ന് അവരറിയും. അവരെ ഓരോരുത്തരേയും ഞാൻ നശിപ്പിച്ചു കളയും.’ കങ്കണ തുറന്നു പറയുന്നു.
എന്നാൽ കങ്കണയ്ക്കെതിരേ കർണിസേനയുടെ മഹരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ അജയ് സിംഗ് സെംഗാറും രംഗത്തെത്തി.
അവർ ഇനിയും കർണിസേനയെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ അവർ മഹാരാഷ്ട്രയിലൂടെ സ്വതന്ത്രമായി നടക്കില്ല. സിനിമാ സെറ്റിൽവെച്ച് തന്നെ ജീവനോടെ കത്തിക്കും- അജയ് സിംഗ് സെംഗാർ ഭീഷണി മുഴക്കുന്നു.അതേസമയം, ഭീഷണിയൊന്നും മുഖവിലക്കെടുക്കാതെ കങ്കണ മുന്നോട്ടുപോകുകയാണ്. വരുന്ന വെള്ളിയാഴ്ചയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 125കോടി രൂപ മുടക്കിയാണ് ചിത്രം നിർമിച്ചത്.
ബാഹുബലി അടക്കമുള്ള ചിത്രത്തി ന്റെ രചന നിർവഹിച്ച കെ.വി. വിജയേന്ദ്ര പ്രസാദാണ് തിരക്കഥാകൃത്ത്. അതേസമയം സിനിമയുടെ നിർമാതാക്കളിൽ ഒരാളായ കമൽ ജെയിനിനെ കഴിഞ്ഞ ദിവസം അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചിത്രത്തിനായി 100കോടി രൂപ മുടക്കിയത് ജെയിനാണ്.
ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്നുണ്ടായ മാനസിക സംഘർഷത്തെത്തുടർന്നാണ് കമൽ ആശുപത്രിയിലായതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തൊണ്ടയിലും നെഞ്ചിലുമുള്ള അണുബാധയെ തുടർന്നാണ് അദ്ദേഹം ചികിത്സ തേടിയതെന്നാണ് കങ്കണ റണൗത്ത് പറഞ്ഞത്. എന്നാൽ, വിവാദം ആരും ഏറ്റെടുക്കാതെ വന്നതോടെ സിനിമയുടെ പ്രദർ ശനം തടയേണ്ടതില്ലായെന്ന നിലപാടിലാണ് കർണിസേന ഇപ്പോഴുള്ളതെന്നാണ് വിവരം.