കോട്ടയം: നാഗന്പടത്ത് വീട്ടമ്മയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഞെട്ടലിൽ നിന്നും ഭർത്താവും കുട്ടികളും മോചിതരായിട്ടില്ല. ഭർത്താവും കുട്ടികളും നോക്കിനിൽക്കെയാണ് വീട്ടമ്മയുടെ ദാരുണാന്ത്യം. മണിമല കറിക്കാട്ടൂർ കല്ലുകടുപ്പിൽ ജയകുമാറിന്റെ ഭാര്യ മിനി (38)യാണ് ലോറി കയറി മരിച്ചത്. എംസി റോഡിൽ നാഗന്പടം നിർമല ജംഗ്ഷനിൽ ഇന്നലെ രാവിലെ 11.15നായിരുന്നു അപകടം.
കാണക്കാരിയിൽ വാടകയ്ക്കു താമസിച്ച് തയ്യൽ ജോലി ചെയ്യുന്ന കുടുംബം കറുകച്ചാലിൽ വിവാഹത്തിൽ പങ്കെടുക്കാൻ ആക്്ടീവ സ്കൂട്ടറിൽ പോകുന്പോഴാണ് അപകടം സംഭവിച്ചത്. നിർമല ജംഗ്ഷനിൽ നല്ല തിരക്കായിരുന്നു ഇന്നലെ. ഇതിനിടെയാണ് അപകടം സംഭവിച്ചത്. ലോറിയും സ്കൂട്ടറും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു. സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടി. സ്കൂട്ടർ ശക്തിയായി ഉലഞ്ഞു.
സ്കൂട്ടറും ഓടിച്ചിരുന്ന ജയകുമാറും രണ്ടു കുട്ടികളും ഇടതു വശത്തേക്ക് വീണു. ഈ സമയം സ്കൂട്ടറിന്റെ പിന്നിലിരുന്ന യാത്ര ചെയ്ത മിനി വലതു വശത്തേക്ക് വീണു. ലോറിയുടെ പിൻചക്രമാണ് മിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ഭർത്താവ് എഴുന്നേറ്റു നോക്കുന്പോൾ കാണുന്നത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭാര്യയും നിശ്ചല ശരീരമാണ്.
അലമുറയിട്ട ഭർത്താവിനെയും കുട്ടികളെയും പെട്ടെന്ന് അവിടെ നിന്ന് ആശുപത്രിയിലേക്ക് നീക്കി. മിനിയുടെ മൃതദേഹം പോലീസ് എത്തിയാണ് റോഡിൽ നിന്ന് മാറ്റിയത്. മിനിയുടെ വസ്ത്രത്തിൽ ലോറി ഉടക്കിയതാണോ വലത്തേക്ക് വീഴാൻ കാരണമെന്നു സംശയിക്കുന്നു. മക്കളായ ശാമുവൽ (12) സാംസണ് (ഒന്പത്) എന്നിവർക്ക് നിസാര പരിക്കുണ്ട്.
ചെങ്ങന്നൂരിലേക്കു കന്പി കയറ്റിപ്പോയ ലോറിയാണ് സ്കൂട്ടറിൽ തട്ടി അപകടമുണ്ടാക്കിയത്. ലോറി ഡ്രൈവർ നീലിമംഗലം സ്വദേശി ബിനിൽകുമാറിനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി തന്പലക്കാട് ഇലഞ്ഞി കുന്നേൽകുഞ്ഞുമോന്റെയും തങ്കമ്മയുടെയും മകളാണ് മരിച്ച മിനി. സംസ്കാരം ഇന്ന് ഒന്നിന് ചാലാപ്പള്ളി വെള്ളയിൽ ഐപിസി സെമിത്തേരിയിൽ നടക്കും.