ജിജോ രാജകുമാരി
മോഷണത്തിനു വേണ്ടിയുള്ള അരും കൊല. ചിന്നക്കനാൽ നടുപ്പാറയിലെ ഇരട്ടക്കൊലപാതകം പോലീസിന്റെ കണ്ണിൽ ആദ്യം ഇങ്ങനെയായിരുന്നു. എന്നാൽ അവസാനം അന്നവും ജോലിയും തന്നവരുടെ ജീവനെടുത്തത് വഴിവിട്ട ജീവിതത്തിനു പണം കണ്ടെത്തുന്നതിനും സുഹൃത്തായി കരുതിയവന്റെ ഭാര്യയെ തട്ടിയെടുക്കുന്നതിനും വേണ്ടിയായിരുന്നുവെന്നറിഞ്ഞപ്പോൾ നാട്ടുകാർക്കൊപ്പം പോലീസും അന്പരന്നു. രണ്ടു കൊല നടത്തിയ പ്രതി പിടിയിലായതോടെ ഒരു കൊലപാതകത്തിനു കൂടി ആസൂത്രണം ചെയ്ത പ്രതിയുടെ പദ്ധതിയും കൂടിയാണ് പൊളിഞ്ഞത്.
നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം
കഴിഞ്ഞ 12നാണ് ചിന്നക്കനാലിന് സമീപം നടുപ്പാറയിലെ റിസോർട്ട് ഉടമ കോട്ടയം മാങ്ങാനം കൈതയിൽ ജേക്കബ് വർഗീസി(രാജേഷ്)നെയും തൊഴിലാളി ചിന്നക്കനാൽ പവർ ഹൗസ് സ്വദേശി മുത്തയ്യയെയും തലയ്ക്ക് അടിയേറ്റും ശരീരത്ത് മുറിവേറ്റും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതിനു പിന്നാലെ തോട്ടത്തിലെ ഡ്രൈവറായ കുളപ്പാറച്ചാൽ പഞ്ഞിപ്പറന്പിൽ ബോബിനെ സ്ഥലത്തു നിന്നു കാണാതായിരുന്നു. രാജേഷിന്റെ എസ്റ്റേറ്റിൽ നിന്നും മൂന്ന് ചാക്ക് ഏലക്കായും ഡസ്റ്റർ കാറും കാണാതായിരുന്നു. കാറ് പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടത്തി. തുടർന്നാണ് ബോബിനായി പ്രത്യേക സംഷം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്.
ദന്പതികൾ അറസ്റ്റിൽ
ബോബിന് ഒളിവിൽ കഴിയുന്നതിനും ഏലക്കാ വിൽക്കുന്നതിനും സഹായങ്ങൾ ചെയ്തുകൊടുത്ത ശാന്തൻപാറ ചേരിയാർ സ്വദേശി ഇസ്രവേലിനെയും ഭാര്യ കപിലയേയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽനിന്നും ബോബിനെ സഹായിച്ചതായും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതായും വ്യക്തമായതിനെത്തുടർന്ന് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഇതിനിടെ കപിലയുടെ ഫോണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. ഫോണിൽ ബോബിൻ കപിലയുമായി ബന്ധപ്പെട്ടിരുന്നതിനാൽ ഇതിന്റെ ചുവടു പിടിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി വലയിലായി.
പിടിയിലായത് മധുരയിൽ നിന്ന്
നാൽപ്പതോളം പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ തേടി വിവിധ മേഖലകളിൽ അന്വേഷണം നടത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയുടെ യാത്രാ വഴികൾ പോലീസ് മനസിലാക്കിയത്. തമിഴ്നാട്ടിലേയ്ക്ക് കടന്ന പ്രതി എങ്ങും തങ്ങാതെ ബസുകളിൽ യാത്ര ചെയ്തത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനായിരുന്നു.
മധുര അണ്ണാനഗർ മാട്ടുത്താവണി ബസ് സ്റ്റാൻഡിലെ ഓട്ടോയിൽ പ്രതി മറന്നു പോയ ബാഗ് നിർണ്ണായക തെളിവായി. മാട്ടുത്താവണി എയ്ഡ് പോസ്റ്റിൽ ഓട്ടോ തൊഴിലാളി ഏൽപ്പിച്ച ബാഗ് പോലീസ് ഏറ്റുവാങ്ങുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലുമാണ് അവിടെ നിന്നു പ്രതിയെ പിടികൂടാൻ സഹായിച്ചതും. തിരിച്ചറിയാതിരിക്കുന്നതിനായി ഇയാൾ തേവാരത്ത് വച്ച് മുടിവെട്ടി താടിവടിച്ച് പുതിയ ഷർട്ടും പാന്റ്സും ഷൂസും വാങ്ങി ധരിച്ചിരുന്നു.
കാമുകിയെ സ്വന്തമാക്കാൻ നടത്തിയ അരുംകൊല
അടുപ്പത്തിലായിരുന്നു കപിലയെ സ്വന്തമാക്കാനാണ് ബോബിൻ ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യയും ഒരു കുട്ടിയുമുള്ള ബോബിൻ സുഹൃത്തായ ഇസ്രവേലിനെ കാണുന്നതിനായി അടിക്കടി ചേരിയാറിലുള്ള വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനിടെയാണ് കപിലയുമായി അടുപ്പത്തിലായത്.
തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിന് തീരുമാനമെടുത്തു. ഇതിനായി ഇവിടെ നിന്നും വേളാങ്കണ്ണിയിലേക്ക് പോകാമെന്നും ആവശ്യമായ പണം കണ്ടെത്തിയതിന് ശേഷം തിരികെ എത്താമെന്നും ബോബിൻ പറഞ്ഞിരുന്നു. ഇതിനായാണ് ക്രൂരമായ രണ്ട് കൊലപാതകം നടത്തിയത്. പോലീസിന് ലഭിച്ച് ബോബിന്റെ ബാഗിൽ നിന്നും കാമുകി കപിലയ്ക്ക് വാങ്ങിയ സാരിയും കൂടാതെ മോഷ്ടിച്ച ഏലക്കാ വിറ്റ് കിട്ടിയപണം കൊണ്ട് വാങ്ങിയ സ്മാർട്ട് ഫോണും കണ്ടെത്തിയിരുന്നു.
രണ്ടു കൊലയ്ക്കു ശേഷം അടുത്തതിനു പദ്ധതിയൊരുക്കി
രണ്ടു കൊലപാതകം നടത്തിയ ബോബിൻ ഇതു നടത്തിയത് തികഞ്ഞ ലാഘവ ബുദ്ധിയോടെ. കുരുവിളാസിറ്റിയിലെ കശാപ്പുശാലയിൽ മുന്പ് ജോലി ചെയ്യുകയും ഹൈറേഞ്ചിന്റെ കാടുകൾ സുപരിചിതനുമായ നായാട്ടുകാരനുമായിരുന്നു പ്രതി ബോബിൻ. രാത്രിയിൽ കാടുകളിൽ നായാട്ടിനായി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പതിവുണ്ടായിരുന്നു. അതിനാൽ രണ്ട് കൊലപാതകം ചെയ്യാൻ പരസഹായം വേണ്ടിയിരുന്നില്ല.
വേട്ടയാടാൻ ഉപയോഗിക്കുന്ന നീളമേറിയ വലിയ കത്തി ഉപയോഗിച്ചാണ് രാജേഷിനെ കുത്തി കൊലപ്പെടുത്തിയത്. ഭാരമുള്ള കൂടം കൊണ്ട് തലയ്ക്കടിച്ചാണ് മുത്തയ്യയെ കൊന്നത്. മുത്തയ്യ ചെറുത്തു നിൽപ്പിനു ശ്രമിച്ചെങ്കിലും വകവരുത്തി. ഇതിനിടെ കൈക്ക് പരിക്കേറ്റിരുന്നു. ഒളിവിൽ പോയതിനു ശേഷം കാമുകി കപിലയുടെ ഭർത്താവായ ഇസ്രവേലിനെ വക വരുത്താനും ബോബിൻ പദ്ധതിയിട്ടിരുന്നു. മോഷണമടക്കമുള്ള നിരവധി കേസുകളിലെ പ്രതിയാണ് ബോബിൻ. യുവതിയുടെ കണ്ണിൽ മുളക്പൊടി എറിഞ്ഞ് മാല കവർന്ന സംഭവത്തിലും പ്രതിയാണ്.
ദുരൂഹതകൾ ബാക്കി നിൽക്കുന്നു
മെലിഞ്ഞ ശരീരപ്രകൃതിയുള്ള ബോബിൻ തനിച്ചാണോ ഈ കൊല നടത്തിയതെന്ന കാര്യത്തിൽ നാട്ടുകാരിൽ ഇനിയും സംശയം ബാക്കി നിൽക്കുന്നു. കൊലപാതകത്തിന് മറ്റൊരുടെയെങ്കിലും സഹായം ഇയാൾക്ക് ലഭിച്ചിരുന്നോ എന്നതിനു കൂടുതൽ അന്വേഷണം നടത്തേണ്ടി വരും. ഇയാൾ തനിച്ചാണ് രണ്ടു കൊലപാതകങ്ങളും നടത്തിയിരിക്കുതെന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഇതിനിടെ റിസോർട്ടിൽ നിന്നും രണ്ട് തോക്കുകൾ പോലീസ് കണ്ടെത്തിയിരുന്നു. ഇതിൽ നിന്നുള്ള വെടിയേറ്റാണ് രാജേഷ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം പോലീസ് സംശയിച്ചത്. പിന്നീട് കത്തി കൊണ്ടുള്ള ആക്രമണത്തിലാണ് എന്ന നിഗമനത്തിലെത്തി. കത്തിയാണോ തോക്കിന്റെ കൂർത്ത അഗ്രഭാഗം ആണോ കൊലയ്ക്കുപയോഗിച്ചത് എന്നതിന് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ വേണ്ടി വരും. ഇത്തരത്തിൽ ഏലക്കാടിനു നടുവിലെ റിസോർട്ടിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതി പിടിയിലായെങ്കിലും ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു.