തായ്പേയ്: ബിക്കിനി സെൽഫികളിലൂടെ പ്രശസ്തിയുടെ മോന്തായം തേടി ഉയരങ്ങൾ കയറിയിറങ്ങിയ ജിഗി വുവിനെ മലമുകളിൽവച്ചു തന്നെ മരണം മടക്കിവിളിച്ചു.‘ബിക്കിനി ക്ലൈമ്പര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന തായ്വാൻ കാരി ജിഗി വു പര്‍വതാരോഹണത്തിനിടയില്‍ കാൽവഴുതി വീണ് മരിച്ചു. തായ്വാനിലെ ഏറ്റവും വലിയ ഉയരം കൂടിയ കൊടുമുടിയായ യുഷാൻ നാഷണൽ പാർക്കിലെ കൊടുമുടിയിൽ ഒറ്റയ്ക്കു കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.
മലകയറിക്കൊണ്ടിരിക്കെ കാലുതെന്നി 65 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട മുപ്പത്താറുകാരിയായ ജിഗി അതിശത്യത്തിൽ ശരീര ഊഷ്മാവ് കുറഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ജിഗിയുടെ മൃതദേഹം കണ്ടെടുത്തത്. ഈ സമയം അന്തരീക്ഷ ഊഷ്മാവ് പൂജ്യത്തിലും താഴെയായിരുന്നു. രക്ഷാപ്രവർത്തകർക്ക് അപകടം നടന്ന് 28 മണിക്കൂറിനു ശേഷമാണ് ജിഗിയുടെ അടുത്തെത്താൻ സാധിച്ചത്.
മലയിടുക്കില്‍ വീണ് തനിക്ക് ചലിക്കാന്‍ കഴിയുന്നില്ലെന്ന് ജിഗി സുഹൃത്തുക്കള്‍ക്ക് ശനിയാഴ്ച സാറ്റലൈറ്റ് ഫോണിലൂടെ സന്ദേശം അയച്ചിരുന്നു. വീഴ്ചയിൽ ജിഗിയുടെ അരയ്ക്കു കീഴ്പ്പോട്ട് ചലിക്കാതെയായി. ഇവിടെ കിടന്നുകൊണ്ടാണ് സന്ദേശമയച്ചത്. എന്നാൽ പ്രതികൂല കാലാവസ്ഥ തടസമായതോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തിന്റെ ഹെലികോപ്ടറുകള്‍ക്ക് അപകടസ്ഥലം കണ്ടെത്താന്‍ സാധിച്ചില്ല. മൂന്നു തവണ ഹെലികോപ്ടറില്‍ പ്രദേശത്ത് എത്തിയെങ്കിലും ജിഗിയെ കണ്ടെത്താനായില്ല. 28 മണിക്കൂറിനു ശേഷമാണ് ജിഗിയുടെ അടുത്തെത്താനായത്.
അതിസാഹസികമായ ഏകാന്ത യാത്രകളും മലമുകളിൽനിന്നുള്ള ബിക്കിനി സെൽഫികളുമാണ് ജിഗിയെ താരമാക്കിയത്. സെല്‍ഫികള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിരുന്ന ജിഗിക്ക് ലോകമെങ്ങും ആരാധകരുണ്ട്. പര്‍വതങ്ങള്‍ക്ക് മുകളിലെത്തിയ ശേഷം വസ്ത്രം മാറി ബിക്കിനി ധരിച്ച് സെല്‍ഫി എടുക്കുകയായിരുന്നു ജിഗിയുടെ പതിവ്. സുഹൃത്തുമായി നടത്തിയ വാതുവയ്പിൽ പരാജയപ്പെതാണ് ആദ്യമായി ബിക്കിനി സെൽഫി പകർത്തേണ്ടിവന്ന സാഹചര്യമെന്ന് ജിഗി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.