ഒറ്റപ്പാലം: വേനൽക്കാലത്ത് അനങ്ങൻമലയിൽ തീപിടിത്തം വ്യാപകമായി വൃക്ഷലതാദികളും അപൂർവയിനം സസ്യങ്ങളും ജീവജാലങ്ങളും ജൈവവൈവിധ്യങ്ങളും തീപിടുത്തംമൂലം വ്യാപകമായി നശിക്കുന്നതും തടയാൻ വനംവകുപ്പ് പ്രത്യേക സംരക്ഷണ പദ്ധതി ഏർപ്പെടുത്തും.ഇതിന്റെ ഭാഗമായി തീപിടിത്തം തടയുന്നതിനും അനങ്ങൻമല സംരക്ഷണം ഉറപ്പാക്കുന്നതിനുമായി പ്രത്യേകം സ്ക്വാഡുകൾക്ക് വനംവകുപ്പ് രൂപംനല്കി അനങ്ങൻമല സംരക്ഷണം ഉറപ്പാക്കും.
രാത്രിയിലും പകലും അനങ്ങൻമലയ്ക്ക് മുകളിലും വനമേഖലകളിലും സഞ്ചരിച്ച് സുരക്ഷാനടപടികൾ ഉറപ്പാക്കും.
ഇതിനുപുറമേ അനങ്ങൻ മലമുകളിൽ എത്തുന്ന സാമൂഹ്യവിരുദ്ധന്മാരെ കർശനമായി നേരിടാനും തീരുമാനിച്ചു. വ്യാജവാറ്റുകാരും ചന്ദനക്കടത്ത് സംഘങ്ങളും മരംമുറിക്കാൻ എത്തുന്നവരും അനങ്ങൻമലയിൽ സജീവമാണ്. ഇവരുടെ സാന്നിധ്യം പലപ്പോഴും മലയിലും വനത്തിലും തീപിടിത്തത്തിനു കാരണമാകുന്നുണ്ട്.
ഇവർ അലക്ഷ്യമായി ഉപേക്ഷിക്കുന്ന തീപ്പെട്ടി കന്പുകളും സിഗരറ്റ് കുറ്റികളുമാണ് ഉണങ്ങിയ പുല്ലുകളും ഇലകളിലും തീപ്പൊരിയായി പടർന്ന് കാട്ടുതീയായി രൂപാന്തരപ്പെടുന്നത്. ഇത്തരത്തിൽ പ്രതിവർഷം ഏക്കർക്കണക്കിന് വനസന്പത്ത് കത്തിയമരുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അനങ്ങൻമലമുകളിൽ കർശനപരിശോധന നടത്താൻ വനംവകുപ്പ് അധികൃതർ നടപടി സ്വീകരിച്ചിട്ടുള്ളത്.
അനങ്ങൻ മലമുകളിൽ അപരിചിതരുടേയും നായാട്ട് സംഘങ്ങളുടെയും ചീട്ടുകളിക്കാരുടെയും സജീവ സാന്നിധ്യം പതിവാണ്. ഇതിനുപുറമേ വ്യാജമദ്യം നിർമിക്കുന്ന ആളുകൾ മദ്യ ഉത്പാദനത്തിനുശേഷം ഉപേക്ഷിക്കുന്ന തീയും അനങ്ങാൻമലയിൽ തീപിടുത്തത്തിന് കാരണമാകുന്നു.പലപ്പോഴും മനുഷ്യനിർമിതമായ തീപിടുത്തമാണ് ഉണ്ടാകുന്നതെന്നാണ് മനംവകുപ്പിന്റെ അനുമാനം. ഏക്കർക്കണക്കിന് വനഭൂമിയും കാടും വിലപിടിപ്പുള്ള ഒൗഷധസസ്യങ്ങളുമാണ് ഇവിടെ കത്തിയമരുന്നത്.
തീപടർന്ന് പിടിക്കുന്പോൾ ഇത് അണയ്ക്കാൻ മലമുകളിൽ എത്താനും സുരക്ഷാനടപടി അനുവർത്തിക്കാനും വനംവകുപ്പിനും അഗ്നിശമനസേനയ്ക്കും പരിമിതികൾ വളരെയേറെയാണ്. അത്യന്താധുനിക സംവിധാനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ മലമുകളിൽ എത്തി തീയണക്കാൻ അഗ്നിശമനസേനയ്ക്കും വനംവകുപ്പിനും സാധിക്കുകയുള്ളൂ. ഓരോവർഷവും ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന തീപിടിത്തമാണ് അനങ്ങൻമലയിൽ ഉണ്ടാകാറുള്ളത്. പലപ്പോഴും തീ സ്വയം കത്തി അമരുകയാണ് പതിവ്.
ഇത് കഴിയുന്പോഴേക്കും ദിവസങ്ങൾ തന്നെ കഴിയേണ്ടിവരും. ഏക്കർക്കണക്കിന് വനമായിരിക്കും ഈ സമയത്ത് കത്തിയമരുക. അനങ്ങൻമലയിലും വനത്തിലും അതിക്രമിച്ച് കയറുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാനാണ് വനംവകുപ്പ് തീരുമാനം. വേനൽക്കാലത്ത് വനസന്പത്ത് പൂർണമായും സംരക്ഷിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് അവർ ഏറ്റെടുത്തിരിക്കുന്നത്.
ഇതിനിടെ അനങ്ങാൻ മലയിൽ തുടങ്ങിയത് നിലംപതി ഭാഗത്ത് വനപ്രദേശത്ത് തീയിട്ട കേസിൽ ഒരാളെ വനപാലകർ അറസ്റ്റുചെയ്തു.വനാതിർത്തിയിലെ റബർതോട്ടം സംരക്ഷിക്കാനാണ് സംരക്ഷിക്കാനാണ് തീയിട്ടതെന്ന് പിടിയിലായ മണ്ണാർക്കാട് കരിന്പ സ്വദേശി ഹംസ മൊഴിനല്കി. വേനലിൽ കാട്ടുതീ ഉണ്ടാകുന്നപക്ഷം തോട്ടത്തിലേക്ക് പടരാതിരിക്കാനാണ് ഇത് ചെയ്തതെന്നാണ് പ്രതി നല്കുന്ന മൊഴി.
രണ്ടിടങ്ങളിലായി നടന്ന തീപിടുത്തത്തിൽ എട്ടേക്കറോളം പ്രദേശത്തെ വനസന്പത്ത് കത്തിയമർന്നു. തുടർന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് കർശന നടപടി അനുവർത്തിക്കാൻ വനംവകുപ്പ് തീരുമാനിച്ചിട്ടുള്ളത്.