പാലക്കാട്: സർക്കാർ ഓഫീസുകളിൽ എത്തുന്ന സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലും ഭാഷയിലും ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തണമെന്ന് ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഒൗദ്യോഗിക ഭാഷ) വകുപ്പും ജില്ലാ ഭരണകാര്യാലയവും സംയുക്തമായി ജില്ലാ വകുപ്പ് മേധാവികൾക്കായി സംഘടിപ്പിച്ച ഭരണഭാഷാവബോധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ ഓഫീസുകളിൽ പുറപ്പെടുവിക്കുന്ന നിയമനം – ഉത്തരവ് – വിജ്ഞാപനം എന്നിവ പൊതുജനത്തിന് മലയാളത്തിൽ കൃത്യമായി നല്‍കണമെന്നും ഇത് സാധാരണക്കാരായ ജനവിഭാഗത്തിന്റെ അവകാശമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ഭാഷാ ന്യൂനപക്ഷ മേഖലയിലെ സർക്കാർ ഓഫീസുകളിൽ ന്യൂനപക്ഷ ഭാഷ അറിയുന്നവരെ നിയമിക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ബാലമുരളി അധ്യക്ഷനായി. ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഒൗദ്യോഗിക ഭാഷ) വകുപ്പ് ഡെപൂട്ടി ഡയറക്ടർ ആർ.എസ്. റാണി ഭാഷാ പ്രതിജ്ഞചൊല്ലി.
ഡോ. പി.പവിത്രൻ മുഖ്യപ്രഭാഷണം നടത്തി.
ഉദ്യോഗസ്ഥ- ഭരണപരിഷ്കാര ( ഒൗദ്യോഗിക ഭാഷ) വകുപ്പ് ഭാഷാവിദഗ്ധൻ ആർ.ശിവകുമാർ, സെക്ഷൻ ഓഫീസർ അജിത് പ്രസാദ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. എഡിഎം. ടി.വിജയൻ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.