ശാസ്ത്ര സാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടങ്ങള്‍ക്കും അതിവേഗ വളര്‍ച്ചയ്ക്കും ഇന്ന് പരിധികളില്ല. കേട്ടാല്‍ വിശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടാവുന്ന തരത്തിലുള്ള കണ്ടുപിടുത്തങ്ങളാണ് ഇന്ന് ശാസ്ത്രലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.
അതിന് ഉദാഹരണമാവുന്ന ഒരു കണ്ടുപിടുത്തത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഉറുമ്പ് റോബോര്‍ട്ടാണ് ആ കണ്ടുപിടുത്തങ്ങളില്‍ ഒന്ന്.
മനുഷ്യ ശരീരത്തിന്റെ അകത്തുകയറി ചികിത്സിക്കുന്ന രീതിയാണ് ‘ഉറുമ്പ് റോബോട്ട്’. സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ലുസാന്നെ, ഇടിഎച്ച് സൂറിക് എന്നിവിടങ്ങളില്‍ നടന്ന ഗവേഷണമാണ് ചികിത്സാരംഗത്തെ ഈ പുത്തന്‍ കണ്ടുപിടുത്തത്തിന് പിന്നില്‍.
രക്തക്കുഴലുകള്‍ വഴി രോഗമുള്ള ശരീര ഭാഗത്തെത്തി മരുന്നുകള്‍ നേരിട്ട് നല്കുന്ന മൈക്രോ റോബോട്ടുകളുടെ ഗണത്തില്‍പ്പെട്ട ഉറുമ്പ് റോബട്ടുകള്‍ ആണിത്. രോഗത്തിന്റെ ഘടന അനുസരിച്ച് വലുപ്പത്തിലും രൂപത്തിലും ആവശ്യത്തിന് മാറ്റങ്ങള്‍ വരുത്താനും കൃത്യമായ അളവില്‍ മരുന്ന് ആവിശ്യമുള്ളിടത്ത് കൃത്യമായി എത്തിക്കാനും ഈ റോബോട്ടിലൂടെ സാധിക്കും.
ആന്തരികാവയവങ്ങളിലെ അണുബാധ, മുറിവുകള്‍, മുഴകള്‍ എന്നിവക്ക് ശസ്ത്രക്രിയ കൂടാതെ തന്നെ ചികിത്സ നല്കാന് ഈ പുത്തന്‍ സംവിധാനത്തിലൂടെ കഴിയുമെന്നാണ് ഇടിഎച്ച് സൂറിക്കിലെ ഗവേഷകനായ ബ്രാഡ്ലി നെല്‍സണ്‍ പറയുന്നത്. നിലവില്‍ ചികിത്സാരംഗത്തെ ചെലവും ചികിത്സാ കാലയളവും കുറക്കാന്‍ റോബോട്ട് ചികിത്സ കൊണ്ട് സാധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.