ഭാവിപ്രധാനമന്ത്രിയെന്ന് മാധ്യമങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വാഴ്ത്തിപ്പാടുമ്പോഴും രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തയല്ല വരുന്നത്. പതിവായി മത്സരിച്ച് ജയിച്ച ഉത്തര്‍പ്രദേശിലെ അമേഠിയില്‍ രാഹുല്‍ ഇത്തവണ മത്സരിച്ചേക്കില്ലെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അമേഠിയെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ബിജെപിയുടെ വളര്‍ച്ചയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ അഞ്ചില്‍ നാലിലും കോണ്‍ഗ്രസ് വളരെ പിന്നിലായിരുന്നു.
കഴിഞ്ഞതവണ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സ്മൃതി ഇറാനി കഴിഞ്ഞ നാലുവര്‍ഷമായി അമേഠിയില്‍ എത്താറുണ്ട്. തോറ്റെങ്കിലും ഇപ്പോള്‍ രാഹുലിനൊപ്പമോ അതിനു മുകളിലോ സ്മൃതിക്ക് ജനപ്രീതിയുണ്ട് അമേഠിയില്‍. ഇതുതന്നെയാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. രാഹുല്‍ അമേഠിയെ ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലതെന്ന അഭിപ്രായമാണ് യുപി കോണ്‍ഗ്രസിനും.
രാഹുല്‍ മഹാരാഷ്ട്രയിലെ നന്ദേഡിലോ മധ്യപ്രദേശിലെ ചിന്ത്വാഡയിലോ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം. മുന്‍ മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഘടകം കോണ്‍ഗ്രസ് അധ്യക്ഷനുമായ അശോക് ചവാനാണ് നിലവില്‍ നന്ദേഡിലെ പ്രതിനിധി. കനത്ത തിരിച്ചിടിയുണ്ടായ 2014ലും കോണ്‍ഗ്രസിനെ കൈവിടാത്ത മണ്ഡലങ്ങളിലൊന്നാണ് നന്ദേഡ്.
യു.പി. കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്ഭാ സീറ്റുള്ള സംസ്ഥാനം എന്നതാണ് മഹാരാഷ്ട്രയില്‍ കൂടി മത്സരിക്കാനുള്ള ആലോചനയ്ക്ക് കാരണം. രാഹുല്‍ മഹാരാഷ്ട്രയില്‍ മത്സരിച്ചാല്‍ അതിന്റെ ഗുണം സംസ്ഥാനത്ത് ഉണ്ടാകുമെന്ന നിരീക്ഷണവുമുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഒഴിഞ്ഞ മണ്ഡലമായ ചിന്ത്വാഡയും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. എന്നാല്‍ ഒന്നിലധികം മണ്ഡലത്തില് പാര്‍ട്ടി അധ്യക്ഷന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.