ഗാന്ധിനഗർ: വികസനത്തിന്റെ അത്യുന്നത പദവിയിൽ എത്തിയ കോട്ടയം മെഡിക്കൽ കോളജിന്റെ കീഴിലുള്ള കുട്ടികളുടെ ആശുപത്രി (ഐസിഎച്ച്) യിൽ ഒരു വർഷമായിട്ട് ഓപ്പറേഷൻ തിയേറ്റർ അടഞ്ഞു കിടക്കുന്നു. രണ്ടു മാസം കൊണ്ടു പൂർത്തിയാക്കേണ്ട അറ്റകുറ്റപ്പണികൾ ഒരു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. രണ്ടു കരാറുകാർ പണിതിട്ടും പണി തീരാതെ കിടക്കുന്നു.
അധികാരികൾ ഇതൊന്നും കാണുന്നില്ലേ. അതോ കണ്ടിട്ടും കാണാത്ത ഭാവത്തിലാണ്. അടിയന്തര ഓപ്പറേഷൻ അടക്കം എല്ലാം പുറത്തേക്കു പറഞ്ഞു വിടുകായണ്. ഇനിയെങ്കിലും കുട്ടികളോടുള്ള അവഗണന അവസാനിപ്പിക്കണം. ബന്ധപ്പെട്ടവർ കണ്ണുതുറന്ന് ഇതൊന്നു കാണണം. 2017 ഡിസംബർ 25 നാണ് പുനർ നിർമ്മാണത്തിനായി ഓപ്പറേഷൻ തിയേറ്റർ അടച്ചത്. 2018 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കണമെന്ന വ്യവസ്ഥയോടെയാണ് നിർമ്മാണം ആരംഭിച്ചത്.
എന്നാൽ നിർമ്മാണം ആരംഭിച്ച് ആറു മാസം പിന്നിട്ടപ്പോൾ ആദ്യ കരാറുകാരൻ പണി നിർത്തി. കരാർ തുക പോരെന്നും കൂടുതൽ തുക അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പിന്നീട് രണ്ട് മാസം പിന്നിട്ടപ്പോൾ മറ്റൊരു കരാറുകാരൻ എത്തുകയും നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ 13 മാസം പിന്നിടുന്പോഴും ശസ്ത്രക്രിയാ തീയ്യേറ്റർ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള ശക്തമായ നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.
തീയേറ്റർ ഇല്ലാത്തതിനാൽ ദിവസേന നിരവധി കുട്ടികളെ മറ്റ്ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വരുന്നു. കുട്ടികളുടെ ആശുപത്രിയിൽ ശസ്ത്രക്രീയാതീയ്യേറ്റർ ഇല്ലാത്തതിനാൽ മെഡിക്കൽ കോളജിലെ തീയേറ്ററിൽ കൊണ്ടുപോയി ശസ്ത്രക്രീയ നടത്താറുണ്ട്. അത് വളരെ പരിമിതമായി മാത്രമേ കഴിയുന്നുള്ളൂ. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം തീയേറ്റർ 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതാണ്.
അതിനാൽ കുട്ടികളുടെ ആശുപത്രിയിൽ ശസ്ത്രക്രീയ വേണ്ട രോഗികൾക്ക് മുൻകൂട്ടി ദിവസവും സമയവും നൽകും. പിന്നീട് ഈ ദിവസം കണക്കാക്കി ശസ്ത്രക്രീയ ചെയ്യുന്നതിന്റെ തലേ ദിവസം ആശുപത്രിയിൽ വന്ന് അഡ്മിറ്റായശേഷമാണ് അടുത്ത ദിവസം ശസ്ത്രക്രിയ ചെയ്യുന്നത്.
ശസ്ത്രക്രിയ ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന സമയത്ത് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് കുട്ടികളെ എത്തിക്കുന്പോൾ അപകടങ്ങളിൽപ്പെട്ട് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ അടിയന്തിര ശസ്ത്രക്രീയക്കായി കൊണ്ടുവന്നാൽ കുട്ടികളുടെ ആശുപത്രിയിൽ നിന്നും വരുന്ന രോഗിയെ ശസ്ത്രക്രീയ ചെയ്യാൻ കഴിയാതെ പറഞ്ഞയക്കും. ഇത് രോഗികളായ കുട്ടികൾക്ക് മാത്രമല്ല ഇവരുടെ രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
തീയേറ്റർ ഇല്ലാത്തതിനാൽ അടിയന്തിര ഘട്ടത്തിലുള്ള ഒരു ശസ്ത്രക്രീയകളും നടത്തുവാൻ കഴിയാതെ രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് പറഞ്ഞ് വിടുകയാണ്. നിർദനരായ രോഗികൾക്ക് സ്വകാര്യ ആശുപത്രിയിലേക്ക് പോകുവാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
അതേ സമയം ആദ്യ കരാറുകാരൻ പിൻ വാങ്ങുകയും പുതിയ കരാർ നൽകുന്നത് വഴിയുണ്ടായ കാലതാമസം പുനർനിർമ്മാണത്തെ ബാധിച്ചുട്ടുണ്ടെന്നം ഉടൻ തന്നെ തീയേറ്റർ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ പറയുന്നു.