തിരുവല്ല: കുട്ടികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്പന നടത്തിവന്ന യുവതി ഉൾപ്പെടെയുള്ള മൂന്നുപേർ പോലീസിന്റെ പിടിയിലായി. ചങ്ങനാശേരി സ്വദേശി നിസാം (20), തിരുവല്ല ചുമത്ര കളറിൽ ബിജു (48), കുറ്റൂർ തലയാർ സൗമ്യവും ഭവനത്തിൽ സൗമ്യ (29) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ഒരുകിലോയോളം കഞ്ചാവും കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവുമായി നിസാമിനെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. ഇരവിപേരൂരിലെത്തി കാറിൽ കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
നിരവധി സ്ത്രീകളുടെ കൈയിൽ നിന്ന് കുടുംബശ്രീ വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു ലക്ഷക്കണക്കിന് രൂപ വാങ്ങി ഒളിവിൽ കഴിയുകയായിരുന്നു സൗമ്യയും ബിജുവുമെന്ന് പറയുന്നു. ഇതുസംബന്ധിച്ച് തിരുവല്ല പോലീസിൽ പരാതിയുണ്ട്.
കോന്നിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവർ അവിടെ പച്ചക്കറി കച്ചവടം നടത്തി വരികയായിരുന്നു. ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സിഐ പ്രഹ്ളാദൻ, എഎസ്ഐമാരായ അനിൽ, രാജൻ, ഷാഡോ പോലീസ് എഎസ്ഐമാരായ ഹരികുമാർ, വിത്സൺ, എസ്സിപിഒമാരായ അജികുമാർ, സാബു, സിപിഒമാരായ സജിത്രാജ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.