കോട്ടയം: ജില്ലയിലെ മൂന്നു പോലീസ് സ്റ്റേഷനുകളിൽ വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൂന്നിടത്തും ക്രമക്കേടുകൾ കണ്ടെത്തി. കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ട് മേലധികാരികൾക്ക് നല്കി. സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷനുകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ ജില്ലയിലെ ചിങ്ങവനം, തലയോലപറന്പ്, എരുമേലി സ്റ്റേഷനുകളിലായിരുന്നു പരിശോധന.
പോലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന വ്യാപകമായ പരിശോധന നടത്തിയത്. പോലീസുകാർ ജോലിക്ക് കയറുന്പോൾ കൈവശമുള്ള പണം എത്രയെന്ന് രേഖപ്പെടുത്തുന്ന ് സ്റ്റേഷനിലെ കാഷ് അക്കൗണ്ട് രജിസ്റ്റർ തലയോലപ്പറന്പ് സ്റ്റേഷനിൽ ഇല്ലായിരുന്നു. മറ്റു രണ്ടിടങ്ങളിലും പലരും രജിസ്റ്ററിൽ ഒപ്പുവച്ചിരുന്നില്ല.
തൊണ്ടി രജിസ്റ്ററിൽ രേഖപ്പെടുത്താത്തതിൽ കൂടുതൽ വാഹനങ്ങൾ മൂന്നു സ്റ്റേഷൻ വളപ്പിലുമുള്ളതായി കണ്ടെത്തി. മണി ലെൻഡിംഗ് ആക്ട് പ്രകാരം ശരിയായ വിധത്തിൽ തലയോലപ്പറന്പ് സ്റ്റേഷനിൽ അന്വേഷണം നടന്നിട്ടില്ലെന്നു വ്യക്തമായി. എരുമേലി പോലീസ് സ്റ്റേഷനിൽ പാസ്പോർട്ട് വെരിഫിക്കേഷൻ രജിസ്റ്റർ സൂക്ഷിച്ചില്ലെന്നു കണ്ടെത്തി.
ഓണ്ലൈനിലാണു പാസ്പോർട്ട് ഇടപാടെങ്കിലും സാധാരണ രജിസ്റ്റർ സ്റ്റേഷനിൽ സൂക്ഷിക്കണമെന്നാണു നിയമം. മുഴുവൻ പരാതികളും പെറ്റീഷൻ രജിസ്റ്ററിൽ സൂക്ഷിക്കുന്നില്ലെന്നും പരാതികൾക്കു രസീത് നൽകുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ചിങ്ങവനത്തു ഡിവൈഎസ്പി എഫ്. സിനി ഡെന്നീസും തലയോലപ്പറന്പിൽ സിഐ നിഷാദ്മോനും എരുമേലിയിൽ സിഐ റിജോ പി. ജോസഫും പരിശോധനകൾക്കു നേതൃത്വം നൽകി.