പയ്യന്നൂര്‍:ഏഴിമല നേവല്‍ അക്കാഡമിയുടെ മാലിന്യ പ്രശ്നത്തില്‍ ജനകീയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയില്‍ മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം പഞ്ചായത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നീക്കം.മാലിന്യ സംസ്കരണത്തിന് സൗകര്യമൊരുക്കേണ്ടത് പഞ്ചായത്താണെന്ന പുതിയ വാദമുയര്‍ത്തുകയാണ് നേവല്‍ അധികൃതര്‍.
സര്‍ക്കാരിന് മുന്നില്‍ നേവല്‍ അധികൃതരാണ് ഈ വാദമുയര്‍ത്തിയിരിക്കുന്നത്. 2016ലെ നിയമ പ്രകാരം മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്വം അതാത് പ്രദേശത്തെ പഞ്ചായത്തുകള്ക്കാണെന്നും അതിനാല്‍ നേവിയിലെ ഖരമാലിന്യ സംസ്കരണത്തിന് പഞ്ചായത്ത് സൗകര്യമൊരുക്കണമെന്നുമാണ് ഇവര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത്.
ഇതേ തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിനായി ചീഫ് സെക്രട്ടറി രാമന്തളി പഞ്ചായത്ത് സെക്രട്ടറിയെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ രാമന്തളി പഞ്ചായത്ത് സെക്രട്ടറി ഹരിദാസുമായി ഇന്ന് ഉച്ചക്ക് ശേഷം 2.30ന് കൂടിക്കാഴ്ച നടക്കും.