കണ്ണൂർ: കോട്ടയം ലോക്സഭാ സീറ്റിനു പുറമെ രണ്ട് സീറ്റും കൂടി കേരള കോൺഗ്രസ്-എം ആവശ്യപ്പെട്ടതായി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. ഇടുക്കിയും ചാലക്കുടിയുമാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും കണ്ണൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫിലെ മുതിർന്ന നേതാക്കൾ മത്സരിക്കണമെന്നാണ് തന്റെ നിലപാട്. ഇടുക്കിയിൽ ഉമ്മൻചാണ്ടി മത്സരിക്കുകയാണെങ്കിൽ അതിനെ കേരള കോൺഗ്രസ്-എം പിന്തുണയ്ക്കുമെന്നും അപ്പോൾ ചാലക്കുടി സീറ്റെങ്കിലും ലഭിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റക്കെട്ടായി നിന്നാൽ കേരളത്തിലെ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാകും. എൽഡിഎഫിന്റെ കൈയിലുള്ള പല സീറ്റുകളും ഇത്തവണ യുഡിഎഫ് പിടിച്ചെടുക്കും. പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളിൽ പൂർണമായും പരാജയപ്പെട്ട എൽഡിഎഫിനെതിരേ ജനം വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.