കരുനാഗപ്പള്ളി : ആലപ്പാട് കരിമണല്‍ ഖനന വിരുദ്ധസമിതി നടത്തുന്ന സമരം 81-ാം ദിവസത്തിലേക്ക്. സമരപന്തലിലേക്ക് വനിതകള്‍ അടക്കം ആയിരക്കണക്കിന് ആളുകള്‍ എത്തി. ഇന്നലെ നടന്ന സമരം കെ പി സി സി ജനറല്‍ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരന് ഉദ്ഘാടനം ചെയ്തു. സുനില്നമ്പ്യാര്ക്കും കുടുംബത്തിനും ഷാള്‍ അണിയിച്ചാണ് സമരം തുടങ്ങിയത്.
ഖനനം നിര്‍ത്തൂ, കരയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി ആലപ്പാട്ട് കരിമണല്‍ ഖനനസമിതി നടത്തുന്ന ഈ സമരം സമന്വയത്തിലൂടെ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഡോ.ശൂരനാട് രാജശേഖരന് ആവശ്യപ്പെട്ടു. ആലപ്പാട്ടെ ഗ്രാമത്തിലെ ഒരു ജനതയുടെ പ്രശ്നമാണ്. ഞാന്‍ ഈ സമരപന്തലില്‍ ഇരിക്കുമ്പോള്‍തന്നെ നൂറ് കണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന സംഘമാണ് ഇവിടെ വരുന്നത്.
ഇങ്ങനെ രാവിലെ മുതല്‍ രാത്രിവരെ ആയിരക്കണക്കിന് ആളുകള്‍ ഈസമരപന്തലിലേക്ക് വന്നെങ്കിലും ഗവണ്മെന്റ് ഇതിന് പുല്ലുവില പോലും കല്പിക്കാതെ മുമ്പോട്ടുപോകുന്നത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം പോലെ ഇതും ഗവണ്മെന്റ് നിസാരമായി കാണുകയാണ്. ഈ സമരം ഇനിയും മുമ്പോട്ടു പോകുന്ന സ്ഥിതിയ്ക്ക് ഇത് ജനകീയ പ്രക്ഷോഭമായി മാറാതെ ഈ പ്രശ്നം പരിഹരിക്കേണ്ടത് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും അടങ്ങുന്ന ഒരു ഗവണ്മെന്റാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി ചാമക്കാല ജ്യോതികുമാര്‍, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എന്‍.അജയകുമാര്‍, ലീലാകൃഷ്ണന്, സമരസമിതി കണ്‍വീനര്‍ ശ്രീകുമാര്‍, ചെയര്മാന് ചന്ദ്രബോസ്, അഡ്വ. എം.എ.ആസാദ്, ജി ആര് കൃഷ്ണകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ സച്ചിന്‍ബാബു, അഡ്വ:അനില്‍കുമാര്‍, കെ.എം.നൗഷാദ് എന്നിവര്‍ പങ്കെടുത്തു.