മുംബൈ: വായ്പ തന്ന പണം തിരിച്ചുകൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് അഴുക്കുചാലിൽ ഒഴുക്കി. മുംബൈ വിരാഡിലാണു സംഭവം.
ഗണേഷ് വിത്തൽ കൊൽഹാത്കർ (58) ആണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച മുംബൈ ബച്ച്രാജ് പാരഡൈസ് സൊസൈറ്റിക്കു സമീപത്തെ അഴുക്കുചാലിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
സുഹൃത്തായ പിന്റുവാണ് ഗണേഷിനെ കൊലപ്പെടുത്തിയത്. ഗണേഷ് പിന്റുവിൽനിന്ന് ഒരു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. കൊല നടന്ന ഈ മാസം പതിനാറിന് ഇരുവരും ചേർന്ന് മദ്യപിച്ചു. ഇതിനിടെ പണം തിരികെ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഗണേഷ് കൊല്ലപ്പെടുകയായിരുന്നു.
അടുത്ത 2-3 ദിവസങ്ങളിലായാണ് പിന്റു ഗണേഷിന്റെ മൃതദേഹം വെട്ടിമുറിക്കുന്നതും ടോയ്ലറ്റിലെ അഴുക്കുചാൽ വഴി ഒഴുക്കുന്നതും. എല്ലുകൾ പ്രത്യേകം എടുത്തുമാറ്റി ട്രെയിനിൽനിന്ന് എറിഞ്ഞു. പിന്നീട് അഴുക്കുചാൽ വൃത്തിയാക്കുവർ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെന്നു പോലീസിനു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നതും പിന്റു അറസ്റ്റിലാകുന്നതും.