നിയാസ് മുസ്തഫ
മർമ്മത്ത് അടിച്ചാൽ ആരെയും വീഴ്ത്താം. പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശിന്റെ മണ്ണിൽ ഇറക്കി കോൺഗ്രസ് ചെയ്യുന്നതും അതാണ്. ബിജെപി എന്ന ശത്രുവിന്റെ മർമ്മത്ത് അടിക്കുക.
പ്രിയങ്ക ഗാന്ധി ശരിക്കും കോൺഗ്രസിന്റെ ഒരു വജ്രായുധമാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ദേശീയ മുഖമായ നരേന്ദ്രമോദിയുടേയും ഉത്തർപ്രദേശിലെ മുഖമായ യോഗി ആദിത്യനാഥിന്റെയും തേരോട്ടം അവസാനിപ്പിക്കാൻ കണക്കുകൂട്ടി ഇറക്കിയ വജ്രായുധം. 80സീറ്റുകളുള്ള ഉത്തർപ്രദേശിൽ 40 സീറ്റുകൾ ഉൾക്കൊള്ളുന്ന കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് എ ഐസിസി ജനറൽ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധിക്ക് നൽകിയിരിക്കുന്നത്.
നരേന്ദ്രമോദിയുടെ വാരാണസി മണ്ഡലവും യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂരും ഉൾക്കൊള്ളുന്ന 40 ലോക്സഭാ സീറ്റുകളിൽ അദ്ഭുതം സംഭവിപ്പിക്കാൻ പ്രിയങ്ക ഗാന്ധിക്കു കഴിയുമെന്നാണ് കോൺഗ്രസിന്റെ ഉറച്ച വിശ്വാസം. കിഴക്കൻ ഉത്തർപ്രദേശിലെ മിക്ക ലോക്സഭാ മണ്ഡലങ്ങളും ഇപ്പോൾ ബിജെപിയുടെ കൈകളിലാണ്.
ഒരുകാലത്ത് ഉത്തർപ്രദേശ് എന്നാൽ കോൺഗ്രസ് എന്നായിരുന്നു. പക്ഷേ ഇപ്പോൾ ഉത്തർപ്രദേശിൽ കോൺഗ്രസിന് പഴയ പ്രതാപം ഇല്ല. 2014ലെ തെരഞ്ഞെടുപ്പിൽ ആകെ നേടാനായത് രണ്ടു സീറ്റ്. അമേത്തിയും റായ്ബറേലിയും. അതും കോൺഗ്രസിന്റെ ഉന്നതരായ രാഹുൽഗാന്ധിയും സോണിയാ ഗാന്ധിയും മത്സരിച്ച മണ്ഡലങ്ങൾ ആയതിനാൽ നേടാനായി എന്ന് എതിരാളികൾ പറയുന്ന മണ്ഡലങ്ങൾ. ഇവിടെ നിന്നാണ് പ്രിയങ്ക ഗാന്ധി തുടങ്ങേണ്ടത്.
രണ്ടു സീറ്റിൽനിന്ന് ഇത്തവണ പകുതിക്ക് മുകളിൽ സീറ്റ് ഉത്തർപ്രദേശിൽ നേടാനാവുകയെന്ന വലിയൊരു വെല്ലുവിളിയാണ് പ്രിയങ്കയ്ക്കു മുന്നിലുള്ളത്. ബിജെപിയെക്കൂടാതെ എസ്പി-ബിഎസ്പി സഖ്യവും കോൺഗ്രസിനു വെല്ലുവിളി ഉയർത്തുന്നുണ്ട്. വെല്ലുവിളികൾ എന്തുമാകട്ടെ, പ്രിയങ്കയുടെ തേരോട്ടത്തിൽ എല്ലാ വെല്ലുവിളികളും നിഷ്പ്രഭമാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
പ്രിയങ്കയെ നിയോഗിച്ചത് കിഴക്കൻ ഉത്തർപ്രദേശിലാണെങ്കിലും പ്രിയങ്കയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ഉത്തർപ്രദേശിൽ മാത്രമല്ല, രാജ്യമെങ്ങും കോൺഗ്രസിന് അനുകൂല തരംഗം ഉണ്ടാക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇതോടൊപ്പം ബിജെപിക്കു മാത്രമല്ല, എസ്പി-ബിഎസ്പി സഖ്യത്തിനും വലിയ തലവേദനയാണ് പ്രിയങ്കയുടെ കടന്നുവരവ് സൃഷ്ടിച്ചിരിക്കുന്നത്.
എസ്പി-ബിഎസ്പി സഖ്യത്തിന്റെ ശോഭ പ്രിയങ്കയുടെ കടന്നുവരവ് കെടുത്തുമെന്നു തന്നെയാണ് വിലയിരുത്തൽ. പ്രധാനമന്ത്രി സ്ഥാനം മോഹിച്ച് കോൺഗ്രസിനെ കൂട്ടാതെ എസ്പിയേയും കൂട്ടി ഉത്തർപ്രദേശ് പിടിക്കാൻ ഇറങ്ങിയ ബിഎസ്പി നേതാവ് മായാവതിക്ക് പ്രിയങ്കയുടെ വരവ് അത്ര രസിച്ചിട്ടില്ല.
കോൺഗ്രസിനെ കൂട്ടാതെ എസ്പിയുമായി സഖ്യമുണ്ടാക്കി ഉത്തർപ്രദേശിൽ മുന്നേറ്റമുണ്ടാക്കാമെന്നായിരുന്നു മായാവതിയുടെ കണക്കുകൂട്ടൽ. ഇതുവഴി പ്രധാനമന്ത്രി പദം വരെ മായാവതി സ്വപ്നം കണ്ടിരുന്നു. പക്ഷേ ഇനി മായാവതിയുടെ സ്വപ്നം പൂവണിയുമോയെന്ന് കണ്ടറിയണം. എസ്പി നേതാവ് അഖിലേഷ് യാദവ് പക്ഷേ പ്രിയങ്കയുടെ കടന്നുവരവിൽ സന്തോഷവാനാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
അതേസമയം, പ്രിയങ്കയുടെ കടന്നുവരവിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് ബിജെപി ഇപ്പോൾ. പ്രിയങ്കയുടെ വരവിനെ പുറമേയ്ക്ക് പരിഹസിക്കുകയും വില കുറച്ച് കാണുകയുമൊക്കെ ചെയ്യുന്പോഴും മോദി ക്യാന്പിലും യോഗി ക്യാന്പിലും അങ്കലാപ്പ് തുടങ്ങിയിട്ടുണ്ട്.
80 സീറ്റിൽ 71 സീറ്റാണ് 2014ൽ മോദിയുടെ പ്രഭാവത്തിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് നേടാനായത്. ഈ സീറ്റുകളിൽ ഗണ്യമായ കുറവ് സംഭവിച്ചാൽ കേന്ദ്രത്തിൽ ഭരണം പിടിക്കാനാവില്ലായെന്ന് അവർക്ക് നന്നായറിയാം. ഉത്തർപ്രദേശ് പിടിച്ചാൽ കേന്ദ്ര ഭരണം പിടിച്ചെന്നൊരു ചൊല്ല് തന്നെ ദേശീയ രാഷ്ട്രീയത്തിലുണ്ട്. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ തരംഗം കാൽ ചുവട്ടിലെ മണ്ണ് ഇളക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഉത്തർപ്രദേശിൽ ബിജെപി സ്വീകരിക്കും.
2014ൽ മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രം നരേന്ദ്രമോദി ആയിരുന്നെങ്കിൽ 2019ൽ പ്രിയങ്ക ഗാന്ധി ആയിരിക്കും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം. മാധ്യമങ്ങൾ കൂടുതൽ പ്രിയങ്കയിലേക്ക് ശ്രദ്ധിച്ചാൽ അത് വോട്ടായി മാറും. ഇതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. യുപിയിൽ ബിജെപി കനത്ത തോൽവി നേടുമെന്ന ഇന്ത്യാ ടുഡേ-കാർവി സർവേയും ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്.