തിരുവല്ല: നെല്ലിനു കീടനാശിനി തളിക്കുന്നതിനിടെ രണ്ടുപേർ മരിച്ച വേങ്ങൽ പ്രദേശം മന്ത്രി വി.എസ്. സുനിൽ കുമാർ ഇന്നു സന്ദർശിക്കും. ഉച്ചകഴിഞ്ഞ് തിരുവല്ലയിലെത്തുന്ന മന്ത്രി കൃഷി വകുപ്പുദ്യോഗസ്ഥരുമായി ചർച്ച നടത്തും. തുടർന്ന് മരിച്ചവരുടെ വീടുകൾ സന്ദർശിക്കും. അപ്പർകുട്ടനാട്ടിലെ സാഹചര്യങ്ങളും കാർഷികപ്രശ്നങ്ങളും മന്ത്രിയെ ധരിപ്പിക്കുമെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു.
ഇതിനിടെ ഒഴിഞ്ഞുകിടന്ന പെരിങ്ങര കൃഷി ഓഫീസറുടെ തസ്തികയിൽ ആളെത്തി. കൊല്ലം ജില്ലയിൽ നിന്നുള്ള രശ്മി ജയരാജിനെയാണ് പെരിങ്ങര കൃഷി ഓഫീസറായി നിയമിച്ചത്. ഇവർ കഴിഞ്ഞദിവസം ചുമതലയേറ്റു. അത്യാഹിതമുണ്ടായ വേങ്ങൽ പാടശേഖരം പെരിങ്ങര കൃഷി ഓഫീസറുടെ പരിധിയിലാണ്.
അത്യാഹിതം ഉണ്ടാകുന്പോൾ പെരിങ്ങരയിൽ കൃഷി ഓഫീസർ ഇല്ലാതിരുന്നത് ആക്ഷേപങ്ങൾക്കു കാരണമായിരുന്നു. 3000 ഏക്കറോളം പാടശേഖരമുള്ള പെരിങ്ങരയിൽ നെൽകൃഷിയാണ് പ്രധാനമായുള്ളത്. തിരുവല്ല താലൂക്കിലെ നിരണം, കവിയൂർ കൃഷി ഓഫീസുകളിലും ഓഫീസർമാരില്ലാത്ത സ്ഥിതിയാണ്.
വേങ്ങലിൽ കീടനാശിനി തളിക്കുന്നതിനിടെ കർഷകത്തൊഴിലാളികൾക്ക് അസ്വസ്ഥതയുണ്ടായ സംഭവത്തേ തുടർന്ന് കൃഷിവകുപ്പ് അന്വേഷണം പൂർത്തിയായിട്ടുണ്ട്. നെല്ലിന് തളിക്കാൻ അനുവാദമില്ലാത്ത കീടനാശിനിയാണ് തളിച്ചതെന്നു വ്യക്തമായി.