ആലുവ: മുനന്പം ഫിഷിംഗ് ഹാർബറിൽനിന്നും മത്സ്യബന്ധന ബോട്ടിൽ വിദേശത്തേക്ക് കടന്ന സംഭവത്തിലെ ദുരൂഹതയകറ്റാനാകാതെ പോലീസ്.
കഴിഞ്ഞ 12-ന് പുലർച്ചെ മുനന്പത്തിനടുത്ത് മാല്യങ്കരയിലെ ജെട്ടിയിൽ നിന്നുമാണ് ബോട്ട് പുറപ്പെട്ടതെന്ന നിഗമനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ബോട്ടിൽ യാത്രയായവർ ഉപേക്ഷിച്ച ബാഗുകളെക്കുറിച്ചുള്ള അന്വേഷണമാണ് രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്തിലെത്തിച്ചത്.
തുടർന്ന് കേരള പോലീസും എൻഐഎയുമടക്കം വിവിധ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തിയെങ്കിലും കേസിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നാവികസേനാ വിഭാഗങ്ങൾ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കേസിലെ പ്രധാന തൊണ്ടിയായ ദയാമാതാ എന്ന ബോട്ട് കണ്ടെത്താൻ കഴിയാത്തതും അന്വേഷണത്തെ കുഴയ്ക്കുകയാണ്.
ഐജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ സംഘങ്ങളായി ഡൽഹി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെ അന്വേഷണം തുടരുകയാണ്. മനുഷ്യക്കടത്തിന്റെ കേന്ദ്രമെന്ന് കണ്ടെത്തിയ തമിഴ് വംശജർ താമസിക്കുന്ന ന്യൂഡൽഹി അംബേദ്കർ കോളനിയിൽ പരിശോധന നടത്തിയ പോലീസ് അവിടെനിന്നും സംഭവത്തിൽ ബന്ധമുള്ളതായി കരുതുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.
പ്രഭു ദണ്ഡപാണി, രവി സനൂപ് രാജ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുന്നതിനിടയിൽ ലഭിച്ച നിർണായക വിവരങ്ങൾക്ക് ചുവടു പിടിച്ചാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. ബോട്ടിന്റെ സഹഉടമ അനിൽകുമാറും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ബോട്ടിൽ ആളുകൾ യാത്ര തിരിച്ചതായി ഇവരെ ചോദ്യം ചെയ്തതിൽനിന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
വടക്കേക്കര, മുനന്പം, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിലാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ദുരൂഹ സാഹചര്യത്തിൽ ബാഗുകൾ കണ്ടെത്തിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പടുത്താനും അന്വേഷണസംഘത്തിന് കഴിയുന്നില്ല. ബോട്ടിൽ 80 മുതൽ 120 ഓളം പേർ കടൽ കടന്നതായിട്ടാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
എന്നാൽ ബോട്ടിന്റെ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് അവ്യക്തത തുടരുകയാണ്. ബന്ധുക്കളടങ്ങിയ സംഘം ഒാസ്ട്രേലിയയിലെ ഒരു ദ്വീപിലേക്കാണ് യാത്ര തിരിച്ചതെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി. ഇന്ത്യൻ സമുദ്രാതിർത്തി കടന്ന ബോട്ട് ഇന്തോനേഷ്യ വഴി സഞ്ചരിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ കേസിൽ നിർണായക പുരോഗതിയുണ്ടാകുമെന്ന് അന്വേഷണസംഘത്തിലെ ഒരംഗം രാഷ്ട്ര ദീപികയോട് പറഞ്ഞു.