വാരാണസി: സജീവ രാഷ്ട്രിയത്തിലേക്കുള്ള പ്രിയങ്കയുടെ കടന്നുവരവ് കൂടുതൽ ആവേശകരമാക്കാൻ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മോദിക്കെതിരേ പ്രിയങ്ക മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദി മത്സരിച്ച് വിജയിച്ച ഉത്തർപ്രദേശിലെ വാരാണസിയിൽ ഇത്തവണ പ്രിയങ്ക മത്സരിക്കുമെന്നാണ് പുതിയ സൂചനകൾ.
മോദിയുടെയും യോഗിയുടെ തട്ടകത്തിൽ പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് പ്രധാന പദവി നൽകിയതിനു പിന്നിൽ ബിജെപിയുടെ മുഖമായ മോദിയെത്തന്നെ നിലംപരിശാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ നേതൃത്വ നിരയിലേക്ക് വന്നതോടെ രാജ്യമെങ്ങും അലയടിച്ചു തുടങ്ങിയിരിക്കുന്ന പ്രിയങ്ക തരങ്കത്തിന് മോദി പ്രഭാവത്തെ മറികടക്കാനാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
മോദിയെപ്പോലെ ശക്തനായ ഒരു എതിരാളിക്കെതിരേ മത്സരിക്കാൻ പ്രിയങ്ക തയാറായാൽ അത് ഇന്ദിരയുടെ കരുത്ത് പ്രിയങ്കയ്ക്കും ഉണ്ടെന്ന് തെളിയിക്കാൻ സഹായിക്കും. ഭാവിയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രിയങ്കയുടെ കടന്നുവരവിനും ഇത് ഗുണം ചെയ്യും.
ദഹൻ കരോ മോദി കി ലങ്ക, ബഹൻ പ്രിയങ്ക(സഹോദരി പ്രിയങ്കേ, മോദിയുടെ ലങ്ക ദഹിപ്പിക്കു), പ്രിയങ്കയ്ക്കു ചുമതല നൽകിയതിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശിലെന്പാടും ഇന്നലെ കോൺഗ്രസ് പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യം ഇതാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് മണ്ഡലമായ വാരാണസി ഉൾപ്പെടുന്ന കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നൽകിയിരിക്കുന്നത്.