സി.കെ. കുര്യാച്ചൻ
തന്റെ പിൻഗാമി പ്രിയങ്കയായിരിക്കുമെന്ന് ഇന്ദിരാ ഗാന്ധിതന്നെ പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് എം.എൽ. ഫൊത്തേദാറാണ്. അവസാനകാലത്ത് ഇന്ദിരയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു ഫൊത്തേദാർ. 2015ൽ പുറത്തിറങ്ങിയ “ദ ചിനാർ ലീവ്സ്’ എന്ന തന്റെ പുസ്തകത്തിലായിരുന്നു ഫൊത്തേദാറിന്റെ വെളിപ്പെടുത്തൽ. 1984 ഒക്ടോബറിൽ ശ്രീനഗർ സന്ദർശന വേളയിലാണ് ഇന്ദിര മനസുതുറന്നത് –
“”ഞാൻ അധികകാലം ജീവിക്കില്ല. എന്നാൽ പ്രിയങ്ക വളർന്നുവരുമ്പോൾ ജനങ്ങൾ അവളിൽ എന്നെ കാണും. അവളെ കാണുമ്പോൾ എന്നെ ഓർക്കും. അവൾ തിളങ്ങും. അടുത്ത നൂറ്റാണ്ട് അവളുടേതാണ്. അപ്പോൾ ജനങ്ങൾ എന്നെ മറക്കും.” ഇക്കാര്യം താൻ രാജീവിനോടു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സന്തോഷത്തോടെയാണ് കേട്ടതെന്നും ഫൊത്തേദാർ പുസ്തകത്തിൽ പറയുന്നു.
ഫൊത്തേദാറിന്റെ പുസ്തകം സോണിയായേയും രാഹുലിനേയും വിമർശിക്കുന്നുവെന്ന് വിവാദമുയർന്നിരുന്നു. ഇന്ദിരാഗാന്ധി പറഞ്ഞതുപോലെ പ്രിയങ്കയുടെ വളർച്ച കാണാൻ കാത്തുനിൽക്കാതെ 2017ൽ ഫൊത്തേദാർ മരിച്ചു. ഇപ്പോൾ പ്രിയങ്ക എഐസിസി ജനറൽ സെക്രട്ടറിയായി സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ ഇന്ദിരയുടെ വാക്കുകൾ യാഥാർഥ്യമാകുമെന്നാണ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പ്രതീക്ഷിക്കുന്നത്.
ഇന്ദിരയുടെ രൂപഭാവങ്ങളാണ് പ്രിയങ്കയ്ക്ക്. സമാനതകളുള്ള വ്യക്തിപ്രഭാവം. ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റാൻ ഇന്ദിരയെപ്പോലെ പ്രിയങ്കയ്ക്കും കഴിവുണ്ട്. അമേത്തിയിലും റായ്ബറേലിയിലും ഇതു തെളിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമാത്രമല്ല പ്രിയങ്ക അവിടെ പോകുന്നത്. അവിടുത്തുകാരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിലും അവരോടൊപ്പം ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിലും പ്രിയങ്ക വിജയിച്ചിട്ടുമുണ്ട്.
ഈ മാസം 12നാണ് പ്രയങ്ക 47ാം പിറന്നാൾ ആഘോഷിച്ചത്. രാഷ്ട്രീയത്തിൽ സജീവമാകാതെതന്നെ തനിക്ക് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നും രാഷ്ട്രീയമല്ല, ജനങ്ങളാണ് സ്വാധീനശക്തിയെന്നും പ്രഖ്യാപിച്ചു കഴിയുകയായിരുന്നു പ്രിയങ്ക ഇതുവരെ.
1999ൽ ബിബിസിക്കു നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്ക തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നിട്ടും നിരവധി കോൺഗ്രസ് നേതാക്കൾ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിനായി ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്തുപോന്നു. 2004 ജനുവരിയിൽ ജാഫർ ഷെരീഫ് ഇക്കാര്യം പരസ്യമായി പ്രകടിപ്പിച്ചു. ജനങ്ങളെ ആകർഷിക്കാൻ കഴിവും പ്രാപ്തിയുമുള്ള നേതാവാണ് പ്രിയങ്കയെന്നായിരുന്നു ഷെരീഫിന്റെ വിശദീകരണം. പിന്നീട് ആർ.കെ. ധവാൻ, വസന്ത് സാഥെ തുടങ്ങിയവരും ഇതേ ആവശ്യം ഉന്നയിച്ചു. 2014ൽ സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ ചേർന്ന് തെരഞ്ഞെടുപ്പു നയിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.
എന്നാൽ പതിവുപോലെ സോണിയായുടെ റായ്ബറേലിയിലും രാഹുലിന്റെ അമേത്തിയിലും മാത്രം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ് പ്രിയങ്ക ചെയ്തത്. യുപിയിൽ കോൺഗ്രസിന് ഈ രണ്ടിടങ്ങളൽ മാത്രമാണ് 2014ൽ വിജയിക്കാനായതും. 2007ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ അമേത്തി, റായ്ബറേലി മണ്ഡലങ്ങളിൽപ്പെട്ട പത്ത് നിയമസഭാ മണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണത്തിനിറങ്ങി. ഏഴിടത്തു വിജയിക്കുകയും ചെയ്തു. 2002ൽ രണ്ട് സീറ്റ് മാത്രമായിരുന്നു ഇവിടെ കോൺഗ്രസ് നേടിയത്.
അടുത്ത തെരഞ്ഞെടുപ്പിൽ ജാതിരാഷ്ട്രീയത്തിൽ വളർന്നുവന്ന പാർട്ടികളുടെ വളർച്ച കുറയുമെന്നും പഴയപ്രതാപത്തിലേക്ക് തിരിച്ചുപോകാമെന്നുമാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. മുസ്ലിംകളുടെ പിന്തുണ തിരിച്ചുവരുന്നതും ബിജെപിക്കെതിരേയുള്ള കർഷകരോഷം അനുകൂലമാക്കാമെന്നതും കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഈ അനുകൂല സാഹചര്യത്തിൽ ജനപ്രീതിയുള്ള നേതാവായി പ്രിയങ്കയ്ക്കു മാറാൻ കഴിയുമെന്നാണ് പ്രതീക്ഷ.
യുപിയിൽ മോദിയും യോഗിയും സ്മൃതി ഇറാനിയുമൊക്കെ ചേർന്ന് ഉണ്ടാക്കുന്ന തരംഗം പ്രിയങ്കയിലൂടെ മറികടക്കുകയും ചെയ്യാം. രാജ്യത്തെ നയിക്കാൻ 56 ഇഞ്ച് നെഞ്ചളവല്ല ഹൃദയവിശാലതയാണു വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടി കൊടുത്ത പ്രിയങ്ക ജനഹൃദയങ്ങൾ കീഴടക്കുമെന്നും കോൺഗ്രസ് കരുതുന്നു.
സൈക്കോളജിയിൽ ബിരുദവും ബുദ്ധപഠനങ്ങളിൽ ബിരുദാനന്തര ബിരുദവുമുള്ള പ്രിയങ്ക ഡൽഹി മോഡേൺ സ്കൂൾ, ജീസസ് ആൻഡ് മേരി കോൺവന്റ് സ്കൂൾ, ജീസസ് ആൻഡ് മേരി കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നടത്തിയത്. എസ്.എൻ. ഗോയങ്കയുടെ വിപസന ജീവിതരീതിയാണ് പ്രിയങ്ക പിന്തുടരുന്നത്.
പ്രപിതാമഹൻ ജവഹർലാൽ നെഹ്റുവിനെപ്പോലെ കുട്ടികളോട് അതീവ താത്പര്യവും വാത്സല്യവുമാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ട്രസ്റ്റിയായ പ്രിയങ്ക മുൻകൈയെടുത്ത് രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഓഫീസിന്റെ അടിയിലുള്ള നിലയിൽ ഒരുക്കിയിരിക്കുന്ന കുട്ടികളുടെ ലൈബ്രറി ഏറെ പ്രശസ്തമാണ്. ഡൽഹിയിലെ നിരവധി സ്കൂളുകളിൽനിന്നുള്ള കുട്ടികൾ ഇവിടെ സന്ദർശനത്തിനെത്തുന്നുണ്ട്.
1997ലാണ് പ്രിയങ്ക ബിസിനസുകാരനായ റോബർട്ട് വദ്രയെ വിവാഹം ചെയ്തത്. രേഹൻ, മിരായ എന്നിവരാണു മക്കൾ. വദ്രയുടെ ബിസിനസുകളുടെ പേരിൽ ബിജെപി ഏറെ പൊല്ലാപ്പുകൾ ഉണ്ടാക്കുന്നുണ്ട്. പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം വൈകുന്നതിനു പിന്നിൽ വദ്രയുടെ പേരിലുള്ള അന്വേഷണങ്ങളും ആരോപണങ്ങളുമാണെന്ന പ്രചാരണവും ഉണ്ടായിരുന്നു. എന്നാൽ ഇത് കേവലം പകപോക്കലാണെന്നും കാര്യമാക്കേണ്ടതില്ലെന്നുമുള്ള സന്ദേശമാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്.