കോട്ടയം: ഇന്നലെ ജനുവരി 23. കോട്ടയം ജില്ലയിൽ ഇന്നലെ 23 വയസുള്ള മൂന്നു യുവതികളും ഇരുപതുകാരിയും യുവാവും അടക്കം അഞ്ചു പേരെ കാണാതായതിന് പോലീസ് കേസെടുത്തു. തലപ്പാടി ഭാഗത്തുള്ള ഇരുപത്തിമൂന്നുകാരിയെ കാണാതായതിന് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ പഠിക്കാൻ പോയ പെണ്‍കുട്ടി മടങ്ങിവരാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി നല്‍കിയത്.
രാത്രിയോടെ പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ച് താൻ സ്നേഹിക്കുന്ന യുവാവിനൊപ്പമുണ്ടെന്ന് അറിയിച്ചു. നവവരനെയും വധുവിനെയും കാത്തിരിക്കുകയാണ് പോലീസ്. കാഞ്ഞിരപ്പള്ളിയിൽ 23 വയസുള്ള ഭാര്യയെ കാണാനില്ലെന്നു കാട്ടി ഭർത്താവാണ് പോലീസിൽ പരാതി നല്‍കിയത്. ഭാര്യയെ സംശയമൊന്നുമില്ലെന്നാണ് ഭർത്താവ് പോലീസിന് മൊഴി നല്‍കിയത്. കോളജിൽ പഠിക്കുന്ന ഭാര്യ തിരികെ വിട്ടിലെത്തിയില്ലെന്നാണ് പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്.
തൃക്കൊടിത്താനം പോലീസ് രജിസ്റ്റർ ചെയ്ത കേസിലും 23കാരിയെയാണ് കാണാതായത്. രാത്രിയിൽ വീട്ടിൽ നിന്ന് കാണാതായി എന്നാണ് പരാതി. പെണ്‍കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് പോലീസ് വിളിച്ചപ്പോൾ താൻ സുരക്ഷിതയാണെന്നും സ്നേഹിക്കുന്ന പുരുഷനൊപ്പം ഉടനെ സ്റ്റേഷനിലേക്ക് വരാമെന്നും അറിയിച്ചിട്ടുണ്ട്.
പള്ളിക്കത്തോട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് 20 വയസുള്ള പെണ്‍കുട്ടിയെ കാണാതായി എന്നാണ്. വടക്കേ ഇന്ത്യയിൽ നഴ്സിംഗ് പഠനത്തിന് പോയ പെണ്‍കുട്ടി തിരികെ നാട്ടിലേക്ക വരും വഴി കാണാതായി എന്നാണ് വീട്ടുകാരുടെ പരാതി. എന്നാൽ പോലീസ് അന്വേഷണത്തിൽ നാട്ടിലുള്ള യുവാവുമായി പെണ്‍കുട്ടി മുങ്ങിയെന്നാണ് വിവരം.
പള്ളിക്കത്തോട് പോലീസും നവദന്പതികൾക്കായി കാത്തിരിക്കുന്നു. മുപ്പതുകാരനെ കാണാതായെന്ന പരാതിയിൽ കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്തനാട് സ്വദേശിയെയാണ് കാണാതായത്.