ഇരിങ്ങാലക്കുട: വേനൽ കടുത്തതോടെ മുരിയാട് കായൽ മേഖലയിലെ ജലാശയങ്ങൾ വരൾച്ചാ ഭീഷണിയിൽ. മേഖലയിലെ കെഎൽഡിസി കനാൽ ദിവസം തോറും വറ്റികൊണ്ടിരിക്കുകയാണ്. കായൽ മേഖലയിലെ വെള്ളം പോലും സംരക്ഷിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നു കർഷകർ ആരോപിച്ചു. ആയിരക്കണക്കിനു ഏക്കർ കോൾനിലങ്ങളാണു കെഎൽഡിസി കനാൽവെള്ളം ആശ്രയിച്ചു കൃഷി നടത്തുന്നത്.
വിതച്ച് ആഴ്ചകളായിട്ടുള്ള നെൽപാടങ്ങളിൽ ജലാംശം കുറഞ്ഞാൽ ഉടനെ ഉണക്കം ബാധിച്ച് കൃഷി നശിക്കാൻ കാരണമാകുമെന്ന് കർഷകർ പറയുന്നു. മുരിയാട് കായലിലേക്കു ഒഴുകുന്ന ചെറുതോടുകൾ എല്ലാം നീർച്ചാലായ സ്ഥിതിയാണ്. കായലിന്റെ തെക്കേ അറ്റമായ ആളൂർ പഞ്ചായത്തിലെ വല്ലക്കുന്ന്, തൊമ്മാന പാടങ്ങളാണ് ഇക്കുറി വരണ്ടു തുടങ്ങിയത്.
വേനലാരംഭം മുതലേ പാടത്ത് വെള്ളം ഇക്കുറി വറ്റിത്തുടങ്ങി. ഒന്നര പതിറ്റാണ്ടായി തരിശുകിടന്ന പാടത്ത് ചിലയിടങ്ങളിൽ പുല്ല് നിറഞ്ഞതിനാൽ കർഷകർക്ക് കൃഷിയിറക്കാനും കഴിയാത്ത സ്ഥിതിയാണ്. മുരിയാട് മണപറന്പിൽ, മുരികോൾ, കൂവപ്പുഴ കോൾപടവുകളിലെ 300 ഓളം ഏക്കർ വരുന്ന പാടശേഖരങ്ങളിലെ നെൽകൃഷിയാണ് ഉണങ്ങുമെന്ന ഭീഷണിയിലുള്ളത്. കൃഷിയിറക്കി 50 ദിവസത്തിനുശേഷം അവസാന വളം ചെയ്യേണ്ട സമയമായപ്പോഴാണു വെള്ളത്തിന്റെ ക്ഷാമം രൂക്ഷമായത്.
കോന്തിപുലം മുതൽ തൊമ്മാന വരെ നീളുന്ന കെഎൽഡിസി കനാലിലൂടെയാണ് ഈ കോൾപടവുകളിലേക്കു വെള്ളമെത്തിക്കുന്നത്. നിലവിൽ വെള്ളമില്ലാതെ ചണ്ടി നിറഞ്ഞ നിലയിലാണു കനാൽ. സാധാരണ ഡിസംബർ മാസത്തിൽ ഇറിഗേഷൻ വകുപ്പ് കോന്തിപുലത്ത് മണ്ചിറ കെട്ടി മാഞ്ഞാംകുഴി റെഗുലേറ്റർ വഴി പുഴയിൽനിന്ന് കനാലിലേക്കു വെള്ളമൊഴുക്കിയാണു ഈ പാടശേഖരങ്ങളിൽ വെള്ളമെത്തിക്കുന്നത്. എന്നാൽ ഈ വർഷം ജനുവരി പകുതിയായപ്പോഴാണു ചിറ കെട്ടുന്നതിനെ കുറിച്ചുള്ള നടപടികൾ ആരംഭിച്ചത്.
കൃഷിയ്ക്ക് തടഞ്ഞുനിർത്തി സംരക്ഷിക്കപ്പെടേണ്ട കനാലിലെ വെള്ളം ഒഴുകിപോയതിനുശേഷമാണു ചിറകെട്ടുന്ന നടപടികൾ ആരംഭിക്കുന്നത്. എത്രയുംവേഗം ചിറ കെട്ടി കനാലിലൂടെ വെള്ളമെത്തിച്ചില്ലെങ്കിൽ നെൽകൃഷി ഉണങ്ങുമെന്ന ആശങ്കയിലാണു ഇവിടെയുള്ള ചെറുകിട നെൽകർഷകർ. കായൽപ്രദേശം വറ്റി തുടങ്ങിയതോടെ സമീപപ്രദേശങ്ങൾ ഇക്കുറി കടുത്ത ജലക്ഷാമം നേരിടുമെന്ന സ്ഥിതിയിലാണ്.