ചവറ: ജീവിതം പഠിപ്പിക്കുന്നത് വിദ്യാലയങ്ങളും അത് ചിട്ടപ്പെടുത്തുന്നത് അധ്യാപകരും രക്ഷിതാക്കളുമാണെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.തെക്കുംഭാഗം ഗുഹാനന്ദപുരം എച്ച്എസ്എസിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമവും സാംസ്ക്കാരിക സായാഹ്നവും ഉദ്ഘാടനം ചെയ്ത് പ്ര സംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ മൂല്യച്യൂതി നേരിടുന്ന കാലമാണിന്ന്. ഇത് അസ്വസ്ഥതകള്‍ക്കും ആശങ്കക്കും കാരണമാകുന്നുണ്ട്. മനുഷ്യന്റെ കരുണ കാണാന്‍ പ്രളയകാലം വേണ്ടിവന്നു. അന്നു രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയവരെ നിയന്ത്രിക്കാന്‍ രാഷ്ട്രീയ-മത സംഘടനകള്‍ ഉണ്ടായിരുന്നില്ല. പകരം അവരുടെ കണ്ണുകളില്‍ കാരുണ്യവും സാഹോദര്യവുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
പൂര്‍വ വിദ്യാര്‍ഥി സംഗമം പോലുള്ള പരിപാടികള്‍ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണ്. ഭാരതത്തിന്റെ ഐക്യവും സാഹോദര്യവും കൂട്ടായ്മയും വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം പരിപാടികള്‍ക്ക് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ സര്‍ഗാത്മകത വളര്‍ത്താനായി ഗുഹാനന്ദപുരം സ്കൂളില്‍ നിന്നും വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയച്ച പത്തോളം പൂർവ്വവിദ്യാർഥികൾ കുട്ടികളുമായി സംവാദം നടത്തിയത് കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ്് പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള ക്രിക്കറ്റ് ടിം ക്യാപ്റ്റന്‍ സച്ചിന് ബേബി മുഖ്യാതിഥിയായിരുന്നു. ക്ഷേത്രയോഗം പ്രസിഡന്റ് രാജീവന്,സെക്രട്ടറി കലാധരന്‍,സ്കൂള്‍ മാനേജര്‍ പുഷ്പാംഗദന് പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി ബാജി സേനാധിപന്,എച്ച്.എം ജെ മിനി,പി.ടി.എ പ്രസിഡന്റ് ബിജു എന്നിവര്‍ പ്രസംഗിച്ചു.