കൊച്ചി: ഏഷ്യാ കപ്പ് ഫുട്ബോളിന്റെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അഞ്ചാം സീസണ് ഇന്ന് പുനരാരംഭിക്കുന്പോൾ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ എടികെയെ നേരിടും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് കിക്കോഫ്.
ഒരു മാസത്തെ ഇടവേളയ്ക്കുശേഷം പുതിയ കോച്ചിനു കീഴിൽ പുത്തൻ തന്ത്രങ്ങളുമായി വീണ്ടും കളത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് തിരിച്ചടികളിൽനിന്നു കരകയറാമെന്ന പ്രതീക്ഷയിലാണ്. ഡേവിഡ് ജയിംസിനെ പുറത്താക്കിയ ബ്ലാസ്റ്റേഴ്സ് നെലോ വിൻഗാദയുടെ തന്ത്രങ്ങളുമായാണ് ഇന്ന് കളിക്കാനിറങ്ങുക. നെലോ വിൻഗാദയുടെ കീഴിൽ ആദ്യ മത്സരമാണിന്ന്.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നേടിയ ഏക ജയം ഉദ്ഘാടന മത്സരത്തിൽ എടികെയ്ക്കെതിരേയായിരുന്നു. ഇതുവരെ കളിച്ച 12 കളികളിൽ ഒരു ജയം മാത്രം സ്വന്തമായുള്ള ബ്ലാസ്റ്റേഴ്സിന് സെമി സാധ്യത ഇല്ലാതായെങ്കിലും സൂപ്പർ കപ്പിന് യോഗ്യത നേടുക എന്നതാണ് ഇനിയുള്ള ലക്ഷ്യം.
അവസാന കളിയിൽ ബ്ലാസ്റ്റേഴ്സ് മുംബൈയിൽ മുംബൈ സിറ്റി എഫ്സിയോട് ഒന്നിനെതിരേ ആറ് ഗോളുകൾക്ക് തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് പരിശീലകനായിരുന്ന ഡേവിഡ് ജയിംസിനെ പുറത്താക്കിയത്. 12 കളികളിൽ നിന്ന് ഒന്പതു പോയിന്റുമായി എട്ടാമതാണ് നിലവിൽ ബ്ലാസ്റ്റേഴ്സ്.
ഇന്ന് ജയം മാത്രമാണ് ലക്ഷ്യമെന്ന് കോച്ച് നെലോ വിൻഗാദ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. കളിക്കാർ ഏറെ മികവുള്ളവരാണ്. അവസാന നിമിഷം ഗോൾ വഴങ്ങുന്നതാണ് ടീമിന്റെ ദൗർബല്യം. പല കളികളും തോറ്റത് അവസാന 20 മിനിറ്റിലാണ്. ഇന്ന് തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ട എടികെ പകരം വീട്ടണമെന്നുറച്ചാണ് ഇന്ന് കൊച്ചിയിൽ കളിക്കാനിറങ്ങുക. 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ആറാം സ്ഥാനത്താണ് കോൽക്കത്ത ടീം. തങ്ങൾക്ക് കൃത്യമായ പദ്ധതികളുണ്ടെന്ന് എടികെ പരിശീലകൻ സ്റ്റീവ് കോപ്പൽ പറഞ്ഞു. ടൂർണമെന്റ് അവസാന ഘട്ടത്തിലേക്കെത്തിയിരിക്കുകയാണ്. ആദ്യ ആറ് സ്ഥാനക്കാർക്ക് സൂപ്പർ കപ്പ് യോഗ്യത കിട്ടും.
സി.കെ. വിനീത് കൂടൊഴിഞ്ഞു; സക്കീറിനു വിലക്കും
ജനുവരിയിൽ ട്രാൻസ്ഫർ വഴി സി.കെ. വിനീതും ഹാളിചരണ് നർസാരിയും അടക്കമുള്ള താരങ്ങൾ ടീം വിട്ടത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ മിഡ്ഫീൽഡിൽ സക്കീർ മുണ്ടംപാറയ്ക്ക് ആറ് മാസത്തെ വിലക്ക് വന്നതും ടീമിനെ ആശങ്കയിലാക്കുന്നു. ക്രമരാവിച്ച്, മുഹമ്മദ് റാകിപ് എന്നിവർ പരിക്കിന്റെ പിടിയിലുമാണ്.
ആസമീസ് മുന്നേറ്റക്കാരൻ ബെവറിഭങ്ഡാവോ ബോഡോ നർസാരിക്കു പകരമായി ചെന്നൈയിൽനിന്ന് ബ്ലാസ്റ്റേഴ്സിലെത്തി. ഗോൾകീപ്പർ നവീൻ കുമാർ പഴയ തട്ടകമായ ഗോവയിലേക്ക് ചേക്കേറിയപ്പോൾ ലാൽതുമാവിയ റാൾട്ടെയാണ് ബ്ലാസ്റ്റേഴ്സിൽ പകരമെത്തിയത്. യുവതാരം നോങ്ദാംബ നോറോമാണ് ബ്ലാസ്റ്റേഴ്സിൽ പുതുതായി എത്തിയ മറ്റൊരു താരം.
അതേസമയം, കഴിഞ്ഞ സീസണിൽ ബംഗളുരുവിനായി തിളങ്ങിയ എദു ഗാർഷ്യയെയും ഡൽഹിയുടെ പ്രീതം കോട്ടലിനെയും ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ എടികെ സ്വന്തമാക്കി. പരിക്കേറ്റ സൂപ്പർ സ്ട്രൈക്കർ കാലു ഉച്ചെ ടീമിൽ തിരിച്ചെത്തുകയും ചെയ്തു.