സ്വന്തംലേഖകന്‍
കോഴിക്കോട്: നിക്ഷേപകര്‍ക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഹീര ഗ്രൂപ്പ് കോടികള്‍ തട്ടിപ്പു നടത്തിയ കേസില്‍ ലോക്കല്‍ പോലീസ് വീണ്ടും ഇരകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ്കുമാര്‍ ഗരുഡിന്റെ നിര്‍ദേശപ്രകാരമാണ് പരാതിയുമായെത്തുന്നവരില് നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇരകളായവര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് പോലീസ് വീണ്ടും നടപടി സ്വീകരിക്കാന്‍ തയാറായത്.
അതേസമയം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ പരാതികള്‍ സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യുകയുള്ളൂവെന്നാണ് പോലീസ് ഇരകളെ അറിയിച്ചത്. ഇപ്രകാരം ഒരു ദിവസം രണ്ടുപേരില്‍നിന്ന് മാത്രമേ വിവരം ശേഖരിക്കുകയുള്ളൂ. നിലവില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 200 ലേറെ പരാതിക്കാരുണ്ട്. ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു തീരുമ്പോഴേക്കും ഒരു വര്‍ഷം കഴിയും.
പോലീസിന്റെ ഈ നിലപാടിനെതിരേ ഇരകള്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഇരകള്‍ പറയുന്നത്.
ചെമ്മങ്ങാട് പോലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. 500 ഓളം പേര് തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ ഗ്രൂപ്പ്മേധാവി നൗഹീറ ഷെയ്ഖിനെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസിന് സാധിച്ചിട്ടില്ല. രാജ്യത്തിനകത്തും പുറത്തും കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയത് ഹൈദരാബാദിലെ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) ആയിരുന്നു.
ഗുരുതരതട്ടിപ്പുകേസുകള് അന്വേഷിക്കുന്നതിനായുള്ള പ്രത്യേക ഏജന്‍സിയാണിത്. 164 ബാങ്ക് അക്കൗണ്ടുകളിലായി 5000 കോടിയുടെ ഇടപാടുകളാണ് നടന്നത്. കൂടുതല്‍ അന്വേഷണത്തില്‍ 8000 കോടിയുടെ തട്ടിപ്പുകള്‍ കണ്ടെത്തുകയും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26ന് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
നൗഹീറ ഷെയ്ഖിന്റെ ജാമ്യം: പ്രോസിക്യൂഷന്റെ വീഴ്ചയെന്ന് ഇരകള്‍
കോഴിക്കോട്: പലിശരഹിത ബിസിനസിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയ ഹീര ഗ്രൂപ്പ് മേധാവി നൗഹീറ ഷെയ്ഖിന് മുന്‍കൂര്‍ ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുള്ള അലംഭാവം കൊണ്ടാണെന്ന് ആരോപണം. ഹീരാഗ്രൂപ്പ് തട്ടിപ്പിനെതിരെ നിയമനടപടികള്‍ ഊര്‍ജിതമാക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസീക്യൂഷനെ കണ്ട് നിയമജ്ഞരുടെ ഭാഗത്തുനിന്നുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ ആവശ്യപ്പെടുമെന്നും തട്ടിപ്പിനിരയായവരുടെ യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിക്ക് തട്ടിപ്പിനിരയായ നൂറുകണക്കിന് പേര് ഒപ്പിട്ട ഭീമഹര്‍ജി തയാറാക്കി നല്കുവാനും യോഗം തീരുമാനിച്ചു. കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലാണ് നിലവില്‍ കേരളത്തില്‍ പരാതിയുള്ളത്. ഇവിടെ കേസില്‍ 17 പേരെയാണ് കക്ഷിചേര്‍ത്തിട്ടുള്ളത്.
കൂടുതല്‍പേര്‍ പരാതി നല്കുവാന് എത്തുന്നുണ്ടെങ്കിലും പോലീസ് തിരിച്ചയക്കുകയാണ്. അന്വേഷണം ലോക്കല്പോലീസില് നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷം മറ്റുള്ളവര്‍ക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നാണ് പോലീസ് നല്കുന്ന ഉപദേശം. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്ന കാര്യത്തില്‍ യാതൊരുവിധ പുരോഗതിയുമുണ്ടായിട്ടില്ല.
കഴിഞ്ഞ ഒക്ടോബറില്‍ 70 ലക്ഷം രൂപ നഷ്ടമായ നൗഷാദ് എന്ന വ്യക്തി നല്കിയ പരാതിയില്‍ തന്നെ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ഈ പരാതിയില്‍ കേസെടുത്തതുകൊണ്ടാണ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുമ്പോള്‍ കമ്പനി സിഇഒ ക്ക് 80ലക്ഷം രൂപ കെട്ടിവയ്ക്കേണ്ടി വന്നത്.
ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടവരില്‍നിന്ന് ഇരുനൂറുരൂപ വീതം വാങ്ങി ഹൈക്കോടതിയടക്കമുള്ളിടത്ത് പരാതിനല്‍കി കോടതിയില്‍ കേസ് കൂടുതല്‍ ബലവത്താക്കുവാനുള്ള നീക്കങ്ങള്‍ക്കും ഇന്നലെ തുടക്കം കുറിച്ചിട്ടുണ്ട്. അതിനിടെ തട്ടിപ്പിനിരയായവര്‍ വിഷയം പുറത്തുപറയുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവര്‍ വ്യാപകമായി ഇവരെ ആക്ഷേപിക്കുന്ന സമീപനംകൊണ്ടാണ് പലരും പരാതിയുമായി പുറത്തെത്താത്തത്.
പ്രൊഫഷണലുകള്‍ ഉള്‍പ്പടെ മദ്രസാധ്യാപകര്‍ വരെ നിക്ഷേപകരുടെ കൂട്ടത്തില്‍ ഉള്‍പ്പടും. പ്രവാസികളും നാട്ടില്‍ ജോലി ചെയ്യുന്നവരും ലക്ഷങ്ങള്‍ നഷ്ടമായവരുടെ കൂട്ടത്തിലുണ്ട്. പാലക്കാട്, കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ മലബാര്‍ ജില്ലകളിലെ ആളുകളാണ് നിക്ഷേപകരില്‍ കൂടുതല്‍ പേരും.
രണ്ട് ലക്ഷം മുതല്‍ 80 ലക്ഷം വരെ ഹീര ഗ്രൂപ്പില്‍ നിക്ഷേപിച്ചവര്‍ ഇരകളിലുണ്ട്. ഇരകളുടെ യോഗത്തില്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി എന്‍.കെ ഇസ്മായില്‍, ടി.കെ. മുസ്തഫ കണ്ണൂര്‍ , ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.