ചെന്നൈ: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്കായി നിർത്തി പീഡിപ്പിക്കുന്നതായി സിനിമാ താരം ഭാനുപ്രിയയ്ക്കെതിരേ ആരോപണം. 14 കാരിയായ പെണ്‍കുട്ടിക്ക് മാസം 10, 000 രൂപയാണ് ശന്പളമായി നൽകുന്നതെങ്കിലും കഴിഞ്ഞ 18 മാസമായി ഇവർ തുക നൽകിയിരുന്നില്ല.
ഭാനുപ്രിയയുടെ സഹോദരൻ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും പോലീസിൽ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നു. ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പെൺകുട്ടി വീട്ടുതടങ്കലിലാണെന്നും പരാതിയിൽ പറയുന്നു.
കുട്ടിയെ വിട്ടുകിട്ടാൻ 1.5 ലക്ഷം രൂപ താരം ആവശ്യപ്പെട്ടെന്നും അമ്മ ആരോപിക്കുന്നു. എന്നാൽ പെൺകുട്ടിയുടെ പ്രായം അറിയില്ലെന്നും കുട്ടി ഒന്നര ലക്ഷം രൂപയുടെ സാധനം വീട്ടിൽ നിന്നു മോഷ്ടിച്ചെന്നുമാണ് ഭാനുപ്രിയയുടെ സഹോദരൻ പറയുന്നത്. താരത്തിനെതിരായ പരാതി അന്വേഷിക്കുകയാണെന്നും കുട്ടി ഇപ്പോഴും ഭാനുപ്രിയയുടെ വീട്ടിലുണ്ടെന്നും പോലീസ് അറിയിച്ചു.
ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രികളിലൊരാളാണ് ഭാനുപ്രിയ. അഭിനയം മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചാണ് ഇവർ മുന്നേറിയത്. പരന്പരകളിലാണ് താരമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരുകാലത്ത് തിളങ്ങിനിന്ന താരങ്ങളിലൊരാൾ കൂടിയായ ഭാനുപ്രിയ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെയെല്ലാം അങ്ങേയറ്റം ഗംഭീരമാക്കിയിരുന്നു.
ഗ്ലാമറസ് രംഗങ്ങളിൽ അഭിനയിക്കാൻ വിമുഖത കാണിക്കാത്ത താരങ്ങളിലൊരാൾ കൂടിയാണ് ഭാനുപ്രിയ. ഹിന്ദിയിലും തെലുങ്കിലുമൊക്കെയായി ഗ്ലാമറസ് രംഗങ്ങളിൽ അഭിനയിച്ചതിൽ കുറ്റബോധമില്ലെന്ന് മുൻപൊരിക്കൽ താരം തുറന്ന് പറഞ്ഞിരുന്നു.