തിരുവനന്തപുരം: സംവിധായകൻ പ്രിയനന്ദനനെതിരായ ആക്രമണം നാട്ടിൽ അസഹിഷ്ണുത വളർന്നു വരുന്നതിന്റെ തെളിവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സംഘപരിവാർ സംഘടനകൾ ഭീഷണിയും മുഴക്കിയിരുന്നു. ഇക്കാര്യം വച്ച് ഒരുതരത്തിലും പൊറുപ്പിക്കാനാവില്ല. സംഘപരിവാർ ആക്രമണത്തിനെതിരെ കർശനമായ നടപടിയെടുക്കും. സമൂഹം ഒറ്റക്കെട്ടായി അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു രാവിലെ ഒമ്പതോടെ തൃശൂർ വല്ലച്ചിറയിലെ വീടിന് സമീപത്ത് വച്ചാണ് സംഭവം. പ്രിയനന്ദനനുമേൽ ചാണകവെള്ളം ഒഴിച്ച ശേഷം മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രിയനന്ദൻ ചികിത്സ തേടി. ആർഎസ്എസ് നേതാവാണ് സരോവറാണ് ആക്രമിച്ചത്. പ്രതിയെ ഉടൻ പിടികൂടുമെന്നും ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വർഗീസ് പറഞ്ഞു.
ശബരിമല വിഷയത്തിൽ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഉയർന്നതോടെ പ്രിയനന്ദനന് പോസ്റ്റ് പിന്‍വലിച്ചിരുന്നു. പിന്നീട് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ച് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. തന്നെ പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്ന് ചില ബിജെപി നേതാക്കൾ പറഞ്ഞിരുന്നതായി പ്രിയനന്ദൻ പറഞ്ഞു.