പെരുന്പാവൂർ: സാന്പത്തിക തിരിമറി നടത്തിയെന്ന പരാതിയിൽ കുന്നത്തുനാട് എസ്എൻഡിപി യൂണിയൻ മുൻ സെക്രട്ടറി എ.ബി. ജയപ്രകാശിനെതിരേ പെരുന്പാവൂർ പോലീസ് കേസെടുത്തു. 1,17,90,000 രൂപയുടെ സാന്പത്തിക ക്രമക്കേടിന് ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്താൻ പെരുന്പാവൂർ അഡീഷൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ബിഡിജെഎസ് എറണാകുളം ജില്ലാ പ്രസിഡന്റും എൻഡിഎ ജില്ലാ കണ്‍വീനറും തൊടുപുഴ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമാണ് ജയപ്രകാശ്. ശ്രീനാരായണ സാമൂഹ്യക്ഷേമനിധി എന്ന പേരിൽ ശാഖാംഗങ്ങളായ അറുനൂറോളം പേരിൽനിന്നു സമാഹരിച്ച രൂപ നിബന്ധനയനുസരിച്ച് ദീർഘകാല റിക്കവറിംഗ് ഡിപ്പോസിറ്റായി ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിക്കേണ്ടതിനു പകരം തിരിമറി നടത്തി നഷ്ടപ്പെടുത്തി നിക്ഷേപകരെ വഞ്ചിച്ചതിന് കേസെടുത്ത് അന്വേഷണം നടത്താനാണ് പെരുന്പാവൂർ പോലീസിനോട് ഉത്തരവിട്ടിരിക്കുന്നത്.
2010 മുതൽ 2015 വരെയുള്ള മൈക്രൊ ഫിനാൻസ് നടത്തിപ്പിൽ 14 കോടിയിലേറെ രൂപയുടെ ഇടപാടിലെ ക്രമക്കേടുമൂലം 1,31,22,000 രൂപയുടെ സാന്പത്തിക നഷ്ടം യൂണിയന് സംഭവിച്ചിട്ടുള്ളത് സംബന്ധിച്ചും യൂണിയൻ ആസ്ഥാനത്തെ രണ്ടേക്കറോളം സ്ഥലം യോഗം കൗണ്‍സിലിന്റെ അനുമതി കൂടാതെ ദീർഘകാലം പണയപ്പെടുത്തിയതും സംബന്ധിച്ചും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് യൂണിയൻ സെക്രട്ടറി ആർ. അജന്തകുമാർ അറിയിച്ചു.