ഒടുവില്‍ നടി മഞ്ജു വാര്യരുടെ രാഷ്ട്രീയ പ്രവേശനം യാഥാര്‍ഥ്യമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യം സിപിഎമ്മും പിന്നീട് ബിജെപിയുമായി മഞ്ജുവിനെ ബന്ധപ്പെടുത്തിയാണ് റിപ്പോര്‍ട്ടുകള്‍ വന്നതെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ് നടിയെന്ന വിശ്വസനീയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ മാസം കൊച്ചിയിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി മഞ്ജു ചര്‍ച്ച നടത്തുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രചാരണ രംഗത്ത് മഞ്ജുവിനെ സജീവമാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാല്‍ വാര്‍ത്ത ഔദ്യോഗികമായി കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. നടിയുടെ പ്രതികരണവും ലഭ്യമായിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം മറ്റ് പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. മലയാള സിനിമയില്‍ ജനപിന്തുണയുള്ള നടിമാരില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ളയാളാണ് മഞ്ജു വാര്യര്‍.
കോണ്‍ഗ്രസിന് നടിയുടെ ഇമേജ് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്കും പ്രളയസമയങ്ങളിലും മഞ്ജു വാര്യര്‍ നടത്തിയ ഇടപെടലുകള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇത് തിരഞ്ഞെടുപ്പ് പ്രചണത്തിന് കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് കരുതുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതി സ്ഥാനത്തായപ്പോള്‍ മഞ്ജു വാര്യരുടെ നിലപാട് സിനിമാ ലോകവും ആരാധകരും ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്.
ആരാധകര്‍ക്ക് ഏറെ വിശ്വാസമുള്ള താരമെന്ന പ്രതിച്ഛായ സര്‍ക്കാരിന്റെ പരസ്യങ്ങളിലും മഞ്ജുവിനെ അഭിവാജ്യഘടകമാക്കി. സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന വനിതാ മതിലിന്റെ ഭാഗമായി മഞ്ജുവിനെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്മാറിയിരുന്നു. ഇത് സിപിഎമ്മിന് വലിയ തിരിച്ചടി സമ്മാനിക്കുകയും ചെയ്തു. ബിജെപി സ്ഥാനാര്‍ഥിയായി മഞ്ജു വരുമെന്ന് ഇടയ്ക്ക് അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും അതെല്ലാം നടി നിഷേധിക്കുകയാണ് ചെയ്തത്.