മണ്ണാർക്കാട്: കഴിഞ്ഞദിവസം അലനല്ലൂർ അത്താണിപ്പടി വച്ച് മണ്ണാർക്കാട് സ്വദേശിയിൽ നിന്നും സിനിമാസ്റ്റൈലിൽ പണം തട്ടിയ കേസിൽ മൂന്നുപേരെ നാട്ടുകൽ പോലീസ് പിടികൂടി. 19ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണാർക്കാട് ചങ്ങലീരി മല്ലിയിൽ വീട്ടിൽഅബ്ദുൾ റഷീദ് യാത്ര ചെയ്തിരുന്ന മോട്ടോർ സൈക്കിളിനു കുറുകെ പ്രതികൾ സ്കൂട്ടർ കുറുകെ ഇട്ട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ഈ സമയം പിറകിൽ വന്ന മറ്റു പ്രതികൾ കാർ കൊണ്ട് മോട്ടോർ സൈക്കിൾ ഇടിച്ച് വീഴ്ത്തുകയും അബ്ദുൾ റഷീദിന്റെ കൈവശം ഉണ്ടായിരുന്ന പതിനാല് ലക്ഷത്തി അന്പതിനായിരം രൂപ കവർച്ച നടത്തി കടന്നു കളയുകയുമായിരുന്നു.
എസ്.ഐ ജയപ്രസാദിന്റെ നേതൃത്വത്തിൽ നാട്ടുകൽ പോലീസിന്റെ അന്വേഷണത്തിൽ ആണ് കവർച്ച നടന്ന് ദിവസങ്ങൾക്കുള്ളിൽ കേസിൽ ഉൾപ്പെട്ട മൂന്നുപേർ പിടിയിലായത്. മണ്ണാർക്കാട് കണ്ടമംഗലം സ്വദേശികളായ സിയാദ് (26),മുഹമ്മദ് ആഷിക്ക് (24) എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ച കുന്തിപ്പുഴ സ്വദേശി അബൂബക്കർ സിദ്ദിഖ് (31) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു.
കേസിലെ മുഖ്യ പ്രതി തെങ്കര മണലടിപറശ്ശേരി പൊതിയിൽ വീട്ടിൽ മുഹമ്മദ് നാഫി (25) എന്നയാളെ ഒളിവിൽ താമസിപ്പിച്ചതിനാണ് അബൂബക്കർ സിദ്ദിഖ് അറസ്റ്റിൽ ആയത്. നാഫിയെ പോലീസ് അന്വേഷിച്ച് വരികയാണ്. കുറ്റകൃത്യത്തിന് പിറകിൽ ഒരു വൻ സംഘം തന്നെയുണ്ടെന്ന് പോലിസ് സംശയിക്കുന്നു. നാഫിയുടെ അറസ്റ്റോടുകൂടി മാത്രമേ ഈ കേസിൽ ഉൾപ്പെട്ട ക്വട്ടേഷൻ സംഘത്തെ കുറിച്ച് കൂടുതൽ വ്യക്തമാകൂ എന്ന് നാട്ടുകൽ പോലീസ് അറിയിച്ചു.