പത്തനാപുരം: ലക്ഷങ്ങൾ ചിലവഴിച്ച് പട്ടാഴി മാർക്കറ്റിൽ ശൗചാലയം നിർമ്മിച്ചുവെങ്കിലും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാനായിട്ടില്ല.മാർക്കറ്റിലെ വ്യാപാരികളുടെയും ഇവിടെ എത്തുന്ന പൊതു ജനങ്ങളുടെയും നിരന്തരമായ പരാതിയെ തുടർന്നാണ് മാർക്കറ്റിനുള്ളിൽ ലക്ഷങ്ങൾ ചിലവഴിച്ച് പൊതു ശൗചാലയം നിർമ്മിച്ചത്.നിർമ്മാണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിടുമ്പോഴും പൊതുജനങ്ങൾക്ക് ആവശ്യത്തിനായി തുറന്ന് കൊടുക്കാനായിട്ടില്ല.
വെള്ളത്തിന്റെ കണക്ഷൻ ലഭിക്കാത്തതാണ് അധികൃതർ കാരണമായി പറയുന്നത്.പൊതു ജനങ്ങളുടെ ആവശ്യത്തിനായി സൗജന്യമായി വാട്ടർ കണക്ഷൻ നല്‍കാറുണ്ടെന്നതും ഇവിടെ പ്രാവർത്തികമായിട്ടില്ല.പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്ത്രീകൾ ഉൾപ്പെടെ വ്യാപാരികളും മറ്റ് പൊതുജനങ്ങളും നെട്ടോട്ടമോടുകയാണ്.
പട്ടാഴിയിൽ പൊതുവായി മറ്റ് കംഫർട്ട് സ്റ്റേഷൻ ഇല്ലന്നതും കുഴപ്പിക്കുന്നു. വ്യാപാര സ്ഥാപനങ്ങളിലും മറ്റും തൊഴിലെടുക്കുന്ന സ്ത്രീകൾ സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. മാർക്കറ്റിനകത്ത് ചിലർ മലമൂത്ര വിസർജനം നടത്തുന്നത് ദുർഗന്ധം കാരണം വ്യാപാരികളെയും പൊതുജനങ്ങളെയും ദുരിതത്തിലാക്കുന്നു.
കംഫർട്ട് സ്റ്റേഷൻ നിർമ്മാണത്തിനായി അധിക തുക കരാറുകാരന് നല്‍കിയതായും ആക്ഷേപമുണ്ട്.ലക്ഷങ്ങൾ ചിലവഴിച്ച് കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളും തയാറാക്കാമെങ്കിൽ നിസാര കാര്യമായ വെള്ളത്തിന്റെ സൗകര്യം ഏര്‍പെടുത്താന്‍ എന്ത് കൊണ്ട് അധികൃതർ തയാറാകുന്നില്ല എന്നാക്ഷേപം ശക്തമാണ്. പ്രശ്നങ്ങൾ പരിഹരിച്ച് എത്രയും വേഗം കംഫർട്ട് സ്റ്റേഷൻ തുറന്ന് നല്‍കണമെന്നാണ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യം.