തിരൂർ: ശബരിമല ദർശനം നടത്തി വിവാദത്തിലായ കനകദുർഗ വീട്ടിൽ കഴിയാൻ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ 28ന് കോടതി വിശദമായ വാദം കേൾക്കും. വീട്ടിൽ കയറ്റണമെന്ന കനകദുർഗയുടെ ഹരജിയിൽ ഭർത്താവിന്റെയും അമ്മയുടെയും വാദം കേൾക്കുന്നതിനാണ് കേസ് ഈ മാസം 28 ലേക്ക് മാറ്റിയത്. തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ട് ആണ് കേസ് പരിഗണിച്ചത്.
കേസിൽ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ വിശദമായി എഴുതി നൽകാൻ കനകദുർഗയുടെ ഭർത്താവിനോടും സഹോദരനോടും കോടതി നിർദേശിച്ചു. പോലീസ് സുരക്ഷയിൽ കഴിയുന്ന കനകദുർഗയ്ക്കൊപ്പം തന്റെ കുട്ടികളെ താമസിപ്പിക്കാനാകില്ലെന്ന് കനകദുർഗയുടെ ഭർത്താവ് കോടതിയെ ബോധിപ്പിച്ചു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ താമസിക്കാനാകില്ലെന്നും വീട്ടിലേക്കു മാറി താമസിക്കാൻ സൗകര്യമൊരുക്കണമെന്നും കനകദുർഗ ആവശ്യപ്പെട്ടു. ശബരിമലയിലെ ആചാര ലംഘനത്തെ തുടർന്ന് വീട്ടിൽ നിന്നു ബഹിഷ്കൃതയായ കനക ദുർഗ വീട്ടിൽ തിരിച്ചെത്താൻ കോടതിയെ സമീപിക്കുകയായിരുന്നു.
ഗാർഹിക പീഡന നിയമ പ്രകാരം ഭർത്താവിനും അമ്മക്കുമെതിരെ പുലാമന്തോൾ ഗ്രാമന്യായാലയത്തിലാണ് പരാതി നൽകിയത്. പുലാമന്തോൾ ഗ്രാമന്യായാലയത്തിൽ ഇന്നലെ സിറ്റിംഗ് ഇല്ലാത്തതിനാൽ തിരൂർ മുൻസിഫ് കേസ് പരിഗണിക്കുകയായിരുന്നു. കനകദുർഗക്ക് വേണ്ടി അഡ്വ. റൈഹാനത്തും ഭർത്താവിനും കുടുംബത്തിനുമായി അഡ്വ. പ്രകാശുമാണ് കോടതിയിൽ ഹാജരായത്.
ഇതോടെ കനകദുർഗയുടെ അഗതി മന്ദിരത്തിലെ വാസം ഇനിയും നീളും. വീട്ടിൽ താമസിപ്പിക്കാൻ ഇടക്കാല ഉത്തരവ് നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടെങ്കിലും വിശദമായ വാദം കേൾക്കണമെന്ന അമ്മയുടെയും ഭർത്താവിന്റെയും ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.