ഭംഗിയായി ചീകി ഒതുക്കി വച്ചിരിക്കുന്ന തലമുടി സ്ത്രീകൾക്ക് ഒരു അലങ്കാരമാണ്. ഈ തലമുടിയിൽ തന്റെ കരവിരുത് പ്രകടമാക്കി ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് ലെയ്റ്റിറ്റിയ കൈ എന്ന വെസ്റ്റ് ആഫ്രിക്കൻ യുവതി. മനുഷ്യരെയും മൃഗങ്ങളെയും വാദ്യോപകരണങ്ങളെയും എന്തിന് ചെറിയൊരു സൈക്കിൾപോലും തന്റെ മുടികൊണ്ട് നെയ്തെടുത്തിരിക്കുകയാണ് ഈ ഇരുപത്തിരണ്ട്കാരി.
നീണ്ട മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സ്വന്തം തലയിൽ പല രൂപങ്ങൾ കൈ വിരിയിച്ചെടുക്കുന്നത്. തന്റെ ചുരുളൻ മുടി തികയാതെ വരുന്പോൾ കൃത്രിമ മുടിയും കന്പിളിയും നൂലുമൊക്കെ ഉപയോഗിക്കും. പിന്നിയ മുടിക്കിടയിൽ നൂൽക്കന്പികൾ തിരുകിയാണ് പല രൂപങ്ങൾ ഉണ്ടാക്കുന്നത്.
ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്താണ് നേട്ടമെന്നു ചോദിച്ചാൽ കൈ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കാണിച്ചു തരും. ആയിരക്കണക്കിന് ആളുകളാണ് കൈയുടെ തലമുടിയിലെ കല കാണാൻ അവളെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.
കോളനി വത്കരണത്തിനു മുന്പ് ആഫ്രിക്കയിലെ ഗോത്രവർഗങ്ങളിൽപ്പെട്ട ആളുകൾ പിന്തുടർന്ന ഹെയർ സ്റ്റൈലുകളാണ് തനിക്ക് പ്രചോദനകരമായതെന്ന് കൈ പറയുന്നു.