ത്വക്കിന്റെ നിറം കറുപ്പായി മാറുവാൻ മരുന്ന് കുത്തിവച്ച് ജീവിക്കുന്ന ദമ്പതികൾ തങ്ങൾക്ക് കറുത്ത നിറമുള്ള കുട്ടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ജർമൻ സ്വദേശിയായ മോഡൽ മാർട്ടീന ബിഗ്, ഭർത്താവ് മൈക്കൽ യുർവനുമാണ് കറുത്ത വർഗക്കാരായി മാറുവാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നത്.
ത്വക്കിന്റെ നിറം കറുപ്പായി മാറുന്നതിന് സിന്തറ്റിക് ഹോർമോണായ മെലാനോടാനാണ് ഇവർ ഉപയോഗിക്കുന്നത്. ദീർഘനാളുകളായി ഇവർ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. ഇതിനെ തുടർന്ന് മാർട്ടീന ബിഗിന്റെ ത്വക്ക് പൂർണമായും കറുത്ത നിലയിലാണ്.
തങ്ങൾക്ക് ജനിക്കുന്ന കുട്ടികൾ കറുത്ത നിറമുള്ളവരാകുമെന്ന് ഡോക്ടർമാർ അറിയിച്ചതായി “ദിസ് മോണിംഗ്’ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ദമ്പതികൾ അറിയിച്ചത്. എന്നാൽ ഈ വാദങ്ങൾക്ക് കഴമ്പില്ലെന്നാണ് പരിപാടിയുടെ പ്രേക്ഷകർ ട്വീറ്ററിലൂടെ അഭിപ്രായപ്പെടുന്നത്.
കാരണം ഡിഎൻഎ പ്രകാരം അവർക്ക് ജനിക്കുന്ന കുട്ടിക്ക് വെളുത്ത നിറമായിരിക്കുമെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ജനിക്കുന്ന കുട്ടി കറുത്തതല്ലെങ്കിലും ജനിതകപരമായി കുട്ടിയുടെ നിറം കറുത്തതാക്കാൻ ശ്രമിക്കുമെന്നും മാർട്ടീന പറയുന്നു.