ജൈവവൈവിധ്യ സന്പന്നമാണ് ഡാർജിലിംഗിലെ മലനിരകൾ. ഈ ഹിമാലയ താഴ്വരയിലെ കാഴ്ചകൾ സഞ്ചാരികളുടെ മനംകുളിർപ്പിക്കുന്നവയാണ്. സമുദ്രനിരപ്പിൽനിന്നും 2200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലനിരകളിൽ ഉത്പാദിപ്പിക്കുന്ന തേയില ലോകപ്രശസ്തമാണ്. വിക്ടോറിയൻ കാലത്തെ ഓർമിപ്പിക്കുന്ന കെട്ടിടങ്ങൾ നിറഞ്ഞ ടൗണിൽനിന്ന് 33 കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ ലോകത്തിലെ ഏറ്റവും പഴയ തേയില ഫാക്ടറികളിൽ ഒന്നു കാണാം. മകൈബരി എന്ന എസ്റ്റേറ്റിലാണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ തേയിലപ്പൊടി ഉത്പാദിപ്പിക്കുന്ന സ്ഥലമാണിത്. സിൽവർ ടിപ്സ് ഇംപീരിയൽ എന്നാണ് ആ തേയിലപ്പൊടിയുടെ പേര്. മകൈബരി എസ്റ്റേറ്റിലെ ഒരു പ്രത്യേക ഭാഗത്ത് നട്ടുവളർത്തുന്ന തേയിലച്ചെടിയുടെ ഇല പാകമായതിനുശേഷം വെളുത്തവാവ് ദിവസം നുള്ളിയെടുത്താണ് ഈ ചായപ്പൊടി തയാറാക്കുന്നത്. കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽവരെ ഈ ചായപ്പൊടിക്ക് വില ലഭിക്കാറുണ്ട്.
1859ലാണ് മകൈബരി ഫാക്ടറി തുടങ്ങുന്നത്. ഡാർജിലിംഗിലെ ഏറ്റവും പഴയ തേയില ത്തോട്ടമാണ്. ലോകത്തിലെ ആദ്യ ബയോഡൈനാമിക് തേയിലത്തോട്ടവും ഇതുതന്നെ. സാധരണ കൃഷി സ്ഥലങ്ങൾ ഭൂമിയിലേക്ക് നോക്കി വിളവെടുപ്പു സമയം തീരുമാനിക്കുന്പോൾ ഇവിടെ കൊളുന്തു നുള്ളാനുള്ള സമയം കണ്ടെത്തുന്നതിനായി തൊഴിലാളികൾ ആകാശത്തിലേക്ക് നോക്കുന്നു. മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലെ വെളുത്തവാവ് ദിവസമാണ് ഇവിടത്തെ തേയിലകളുടെ കൊളുന്ത് നുള്ളുന്നത്.
മാർച്ച് മാസത്തിലെ ആദ്യ വെളുത്തവാവ് ദിവസമാണ് ആ വർഷത്തെ ആദ്യ വിളവെടുപ്പ് നടക്കുന്നത്. സമുദ്രത്തിൽ വേലിയേറ്റ സമയമാണിത്. ഈ സമയത്ത് തേയിലച്ചെടികളിൽ ജലാംശം കുറവായിരിക്കുമത്രെ. ഈ സമയത്ത് അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കൂടുതലായിരിക്കുമെന്നാണ് ഇവിടത്തെ തൊഴിലാളികൾ പറയുന്നത്. ഇത് തേയില കൊളുന്തുകളെ കൂടുതൽ തരളിതമാക്കും. അന്നേ ദിവസം സൂര്യൻ അസ്തമിച്ചു തുടങ്ങുന്പോൾ എസ്റ്റേറ്റിലെ തൊഴിലാളികളെല്ലാവരും ഒന്നിച്ചുകൂടും. പൂർണചന്ദ്രന്റെ നിലാവിലുള്ള അന്നത്തെ കൊളുന്തു നുള്ളൽ ഇവർക്ക് ഒരു ആഘോഷം മാത്രമല്ല ആത്മീയ അനുഭവംകൂടിയാണ്.
ഒരു സീസണിൽ നാലോ അഞ്ചോ തവണയാണ് സിൽവർ ടിപ്സ് ഇംപീരിയലിന്റെ കൊളുന്തുനുള്ളൽ നടക്കുന്നത്. കൊളുന്തു നുള്ളുന്ന ദിവസം സന്ധ്യയിൽ മകൈബരി എസ്റ്റേറ്റിലെ തൊഴിലാളികൾ പരന്പരാഗത ബംഗാളി വസ്ത്രങ്ങളും ധരിച്ച് എസ്റ്റേറ്റിലെത്തും. പുരുഷൻമാർ ഡ്രംസ് മുഴക്കുന്പോൾ സ്ത്രീകൾ ഉച്ചത്തിൽ മന്ത്രങ്ങൾ ചൊല്ലും. സംരക്ഷണത്തിനും സൗഭാഗ്യങ്ങൾക്കും വേണ്ടിയുള്ളതാണ് ഈ മന്ത്രങ്ങൾ. കൊളുന്തുനുള്ളുന്ന തൊഴിലാളികൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും പുറത്തുനിന്നുള്ള കാഴ്ചക്കാരുമൊക്കെ ഇവിടെ ഉണ്ടാകും. അവർ മൃഗങ്ങളുടെ കൊഴുപ്പ് ഒഴിച്ച് കത്തിക്കുന്ന വിളക്കുകൾ കൈകളിലേന്തിയിരിക്കും. കൊളുന്തുനുള്ളുന്നവർക്ക് പ്രകാശം നൽകാൻ മാത്രമല്ല, ഇവിടത്തെ താഴ്വരകളിൽ യഥേഷ്ടം വിഹരിക്കുന്ന കാട്ടുമൃഗങ്ങളിൽനിന്ന് തൊഴിലാളികളെ രക്ഷിക്കാനും ഈ വിളക്കുകൾ സഹായിക്കുന്നു.
കൊളുന്തുനുള്ളാൻ തുടങ്ങിയാൽപ്പിന്നെ തൊഴിലാളികൾക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തയില്ല. സൂര്യൻ ഉദിക്കുന്നതിന് മുന്പുതന്നെ കൊളുന്തു നുള്ളി ഫാക്ടറിയിൽ എത്തിച്ച് ചായപ്പൊടി നിർമാണത്തിന്റെ ആദ്യഘട്ടം ആരംഭിക്കും. 200 കിലോ കൊളുന്തിൽനിന്ന് 50 കിലോ ചായപ്പൊടി ഉണ്ടാക്കാം എന്നാണ് കണക്ക്. ഒരു സീസണിൽ 200 കിലോയ്ക്ക് മുകളിൽ കൊളുന്ത് ശേഖരിക്കാൻ കഴിയാറില്ല. അതുകൊണ്ടുതന്നെയാണ് ഇവയ്ക്ക് ഇത്ര വില.കഴിഞ്ഞ 159 വർഷമായി ഇവിടത്തെ ബാനർജി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ എസ്റ്റേറ്റ്. കഴിഞ്ഞ വർഷം അവസാനത്തിൽ ഇപ്പോഴത്തെ അവകാശിയായ രാജ ബാനർജി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഇവിടത്തെ 600 തൊഴിലാളികൾക്കായി വീതിച്ചു നൽകി.
റോസ് മേരി ജോൺ