എരുമേലി: വായനശാല ഉൾപ്പെട്ട രണ്ട് സെന്റ് ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് സ്വന്തം പേരിൽ കിട്ടില്ലെന്നറിഞ്ഞ വയോധികൻ വില്ലേജ് ഓഫീസിന്റെ കതക് അടച്ചുപൂട്ടിയ ശേഷം ബെഞ്ചിൽ കിടന്ന് പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ 11.30 ാടെ എരുമേലി തെക്ക് വില്ലേജ് ഓഫീസിലാണ് നാടകീയ രംഗങ്ങളുണ്ടായത്. പാണപിലാവ് സ്വദേശി മുള്ളൻകുഴിയിൽ തോമസ് ചാക്കോ (ജോസ്, 72) ആണ് അര മണിക്കൂറോളം ഓഫീസ് പ്രവർത്തനം തടസപ്പെടുത്തി ബെഞ്ചിൽ കിടന്നത്. ഓഫീസിൽ കയറി കതക് പൂട്ടിയ ശേഷം വാതിലിന് കുറുകെ ബെഞ്ച് ഇട്ട് അതിൽ കിടന്നായിരുന്നു പ്രതിഷേധം.
പാണപിലാവിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി സ്മാരക വായനശാലയ്ക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്. പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിൽ വായനശാലയ്ക്ക് വില്ലേജ് ഓഫീസർ പി.എസ്. പ്രസാദ് സർട്ടിഫിക്കറ്റ് നൽകി. എന്നാൽ ഭാരവാഹികളുടെ പേരിലല്ല തന്റെ പേരിലാണ് സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നും ഇപ്പോൾ ഭാരവാഹി താനാണെന്നും ഇയാൾ പറഞ്ഞു. ഭൂമിയുടെ ആധാരപ്രകാരം ഉടമകൾ പ്രസിഡന്റും സെക്രട്ടറിയുമാണെന്നും കരം ഇവരുടെ പേരിലാണെന്നും ഇവരുടെ പേരിലല്ലാതെ മറ്റാരുടെയും പേരിൽ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നും വില്ലേജ് ഓഫീസർ അറിയിച്ചു. തുടർന്നാണ് ഇയാൾ രോഷാകുലനായി കതകടച്ച് ബെഞ്ചിൽ കിടന്നത്.
വായനശാലയ്ക്ക് പുതിയ കെട്ടിടം നിർമിക്കാൻ സാംസ്കാരിക വകുപ്പിൽ നിന്നു ഫണ്ടിനായാണ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. ഓൺലൈൻ വഴി അപേക്ഷ നൽകിയെങ്കിലും സർട്ടിഫിക്കറ്റ് കിട്ടിയില്ല. തുടർന്ന് ഇന്നലെ നേരിട്ടെത്തി അപേക്ഷ നൽകുകയായിരുന്നു.
എരുമേലി എസ്ഐ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയതോടെയാണ് ഓഫീസിന്റെ പ്രവർത്തനം സാധാരണനിലയിലായത്. കടുത്ത പ്രമേഹ രോഗവും മറ്റ് വിവിധ അസുഖങ്ങളും ഇയാൾക്കുണ്ടെന്ന് സ്റ്റേഷനിൽ എത്തിയ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മേലിൽ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യരുതെന്ന് താക്കീത് നൽകി ഇദ്ദേഹത്തെ പോലീസ് വിട്ടയച്ചു.