ന്യൂഡൽഹി: പിസിസിക്കു പുതിയ ഓഫീസ്. സഹോദരൻ രാഹുലുമൊത്ത് പത്രസമ്മേളനം, ഇരുവരും ചേർന്ന് റാലി.രണ്ടാഴ്ചകൊണ്ട് യുപിയും ലക്നോയും ഇളക്കി മറിക്കാനുള്ള പരിപാടികളുമായിട്ടാണു പ്രിയങ്ക ഗാന്ധി കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനമേൽക്കുന്നത്. ഫെബ്രുവരി ഒന്നാം തീയതി അമേരിക്കയിൽനിന്ന് എത്തുന്ന പ്രിയങ്ക നാലിന് തിങ്കളാഴ്ച യുപിയുടെ തലസ്ഥാനമായ ലക്നോവിലെത്തും.
പിസിസിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം അന്നു നടത്തും. തുടർന്ന് പിസിസി ഓഫീസിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുലുമൊത്ത് പത്രസമ്മേളനം. 2014-ൽ അമേത്തിയിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയാകുന്ന വിവരം അറിയിക്കാനാണ് ഇരുവരും ചേർന്ന് ഇതിനുമുന്പ് പത്രസമ്മേളനം നടത്തിയിട്ടുള്ളത്.
പത്താം തീയതി ലക്നോവിൽ ഒരു റാലിയും പ്ലാൻ ചെയ്തിട്ടുണ്ട്. കോൺഗ്രസിന്റെ തിരിച്ചുവരവ് വിളംബരം ചെയ്യുന്ന ഒന്നായി റാലി മാറ്റാനാണ് ഒരുക്കങ്ങൾ.ഇതോടൊപ്പം മറ്റു പാർട്ടികളിൽ നിന്നു കുറെയേറെ നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ മടങ്ങിയെത്തുമെന്ന കണക്കുകൂട്ടലുകളുമുണ്ട്. ബിജെപി എംപിയും സഞ്ജയ് ഗാന്ധിയുടെ പുത്രനുമായ വരുൺ ഗാന്ധി കോൺഗ്രസിൽ വരാനുള്ള വഴിയും ഒരുക്കുന്നുണ്ട്.